ലിവര്‍പൂള്‍ : ലിവര്‍പൂളിലെ ഒമ്പതാമത്തെ ബിഷപ്പാകാന്‍ ഭാഗ്യം ലഭിച്ചത് മലയാളിയായ ഫാ.ഡോ.ജോണ്‍ പെരുമ്പളത്തിന്. ഇദ്ദേഹത്തിന്റെ നിയോഗം ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചു.ചെംസ്‌ഫോര്‍ഡ് രൂപതയില്‍ നിന്നുള്ള വൈദികനാണ് ബിഷപ്പ് ജോണ്‍.2018മുതല്‍ ബ്രാഡ്വെല്‍ ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു. 2022 ഫെബ്രുവരിയില്‍ വിരമിച്ച ബിഷപ്പ് പോള്‍ ബയേസിന്റെ പിന്തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ നിയോഗം.
1994ല്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയില്‍ നിന്നാണ് ഇദ്ദേഹം പുരോഹിത പട്ടം സ്വീകരിച്ചത്.2001ല്‍ റോച്ചസ്റ്റര്‍ രൂപതയുടെ ചുമതല ഏറ്റെടുത്ത് യുകെയിലെത്തി. 2018 ല്‍ ബ്രാഡ്വെല്ലിലെ ബിഷപ്പായി. അതിനു മുമ്പ് ബാര്‍ക്കിംഗിലെ ആര്‍ച്ച്ഡീക്കനായും സേവനമനുഷ്ഠിച്ചു.അടുത്ത വര്‍ഷം ആദ്യം ലിവര്‍പൂള്‍ കത്തീഡ്രലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതുവരെ വാറിംഗടണ്‍ ബിഷപ്പിനായിരിക്കും ലിവര്‍പൂളിന്റെ ചുമതല.
ബ്രിട്ടനിലും അയര്‍ലണ്ടിലുമുള്ള ചര്‍ച്ചസ് റെഫ്യൂജി നെറ്റ്വര്‍ക്ക് ഓഫ് ചര്‍ച്ചസ് അധ്യക്ഷനാണ് ബിഷപ്പ് ജോണ്‍.ബ്രിട്ടനിലെയും അയര്‍ലണ്ടിലെയും ചര്‍ച്ചസ് ടുഗതര്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ലീഡ് ബിഷപ്പായ ഫാ. ജോണ്‍ സിടിബിഐയുടെ ട്രസ്റ്റിയുമാണ്. വിദ്യാഭ്യാസ ചാരിറ്റി സംഘടനയായ ക്രിസ്റ്റ്യന്‍സ് അവെയര്‍ ചെയര്‍മാനാണ്. കൂടാതെ ആംഗ്ലിക്കന്‍ മിഷന്‍ സൊസൈറ്റിയായ യു എസ് പി ജി യുടെ ആംഗ്ലിക്കന്‍ കമ്മ്യൂണിയന്‍ വൈഡ് അഡൈ്വസറി ഗ്രൂപ്പിലും പ്രവര്‍ത്തിക്കുന്നു. വായനയില്‍ ഏറെ താല്‍പ്പര്യമുള്ള ബിഷപ്പിന് ഏറെ പ്രിയപ്പെട്ടത് കവിതകളും നോവലുകളുമാണ്. അവ തേടിപ്പിടിച്ചുവായിക്കുകയെന്നതും ശീലമാണ്.വിശ്വാസത്തെക്കുറിച്ചും സാമൂഹിക ഇടപെടലുകളെക്കുറിച്ചും ബൈബിള്‍ ദൈവശാസ്ത്രത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുള്ള മികച്ച പ്രഭാഷകനുമാണ് ബിഷപ്പ് ജോണ്‍.
വിവാഹിതനായ ബിഷപ്പ് ജോണ്‍ ഒരു മകളുടെ പിതാവുമാണ്. ലിവര്‍പൂളില്‍ നിന്നുള്ള ദൈവവിളി ലഭിച്ചതില്‍ സംതൃപ്തനാണെന്ന് ബിഷപ്പ് ജോണ്‍ പറഞ്ഞു.’മകള്‍ ആറുവര്‍ഷമായി ലിവര്‍പൂള്‍ സര്‍വ്വകലാശാലയിലാണ്. പലതവണ നടത്തിയ സന്ദര്‍ശനങ്ങളിലൂടെയാണ് ലിവര്‍പൂളിനെ സ്നേഹിച്ചു തുടങ്ങിയത്. ക്രിസ്തുവിന്റെ അനുയായി എന്ന നിലയില്‍, പ്രത്യാശയുടെയും സമാധാനത്തിന്റെയും നീതിയുടെയും സന്ദേശം പരത്തി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.ദൈവത്തിലുള്ള പ്രത്യാശ കമ്മ്യൂണിറ്റികള്‍ക്ക് നല്‍കാനാകണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു’ ബിഷപ്പ് വ്യക്തമാക്കി.