ലണ്ടന്‍ :പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ രാജിയെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ബ്രിട്ടനില്‍ ആരാകും അടുത്തയാള്‍? രാഷ്ട്രീയ വേദികളിലും മാധ്യമ രംഗത്തുമെല്ലാം അടുത്ത പ്രധാനമന്ത്രിമാരുടെ ‘പേരുകള്‍’ ചര്‍ച്ചയിലാണ്. പല പേരുകളും വരുന്നുണ്ട്.ഋഷി സുനക്… പെന്നി മോര്‍ഡൗണ്ട്…തുടങ്ങിയവര്‍ക്കൊപ്പം പഴയ നായകന്‍ ബോറിസ് ജോണ്‍സണിന്റെ പേരും കേള്‍ക്കുന്നു.ഇവര്‍ക്കു പുറമേ പുതിയ ചാന്‍സലര്‍ ജെറമി ഹണ്ട് ,ട്രസ് പുറത്താക്കിയ ഹോം സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് എന്നിവരുടെ പേരുകളും സജീവ ചര്‍ച്ചകളിലുണ്ട്.മുമ്പ് നടന്ന നേതൃമത്സരത്തില്‍ ടോറി അംഗങ്ങള്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച നേതാവായിരുന്നു വാലസ്.എന്നാല്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് സ്വയം പിന്മാറുകയായിരുന്നു.
ഭരണത്തില്‍ 44 ദിവസത്തികവിലാണ് ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയുന്നത്.കഴിഞ്ഞ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് 55 ദിവസങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എട്ടു ദിവസമായിരിക്കും ലഭിക്കുകയെന്ന് 1922 കമ്മിറ്റി ചെയര്‍മാന്‍ ഗ്രഹാം ബ്രാഡി പറഞ്ഞു.തിങ്കളാഴ്ച മുതല്‍ നോമിനേഷനുകള്‍ എത്തിത്തുടങ്ങുമെന്നാണ് കരുതുന്നത്.അന്തിമ വോട്ടെടുപ്പിന് മുമ്പ് ടെലിവിഷന്‍ സംവാദവുമുണ്ടാകും.
മുന്‍ രണ്ടാമന്‍ ഒന്നാമതാകുമോ…
കഴിഞ്ഞ നേതൃ തെരഞ്ഞെടുപ്പില്‍ റണ്ണര്‍ അപ്പ് ആയ മുന്‍ ചാന്‍സലര്‍ ഓഫ് ദി എക്‌സ്‌ചെക്കറുമായ ഋഷി സുനകിന്റെ പേരാണ് പ്രധാനമന്ത്രി പദത്തിലേയ്ക്ക് ആദ്യം പറയുന്നത്. ബോറിസ് ജോണ്‍സണെതിരായ മത്സരത്തിനിടെ രാജിവച്ച കാബിനറ്റ് മന്ത്രിമാരില്‍ ഒരാളായിരുന്നു ഇന്ത്യൻ വംശജനായ സുനക്.
എംപിമാര്‍ക്കിടയില്‍ സ്വീകാര്യനായിരുന്നെങ്കിലും പാര്‍ട്ടി വോട്ടില്‍ പിന്നിലായതാണ് സുനകിന് തിരിച്ചടിയായത്.137 എംപിമാര്‍ സുനകിനെ പിന്തുണച്ചിരുന്നു. പാര്‍ട്ടി മെംബര്‍ ഷിപ്പ് വോട്ടെടുപ്പില്‍ 60,399 വോട്ടുകളാണ് ലഭിച്ചത്.അതേ സമയം, 81,326 വോട്ടുകള്‍ ലഭിച്ച ട്രസ് വിജയിച്ചു.സുനക് മല്‍സരിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
പെന്നി മോര്‍ഡോണ്ടും അങ്കത്തിന്
പെന്നി മോര്‍ഡോണ്ടാണ് മല്‍സരിക്കാന്‍ ഇടയുള്ള മറ്റൊരു നേതാവ്.കഴിഞ്ഞ നേതൃ തിരഞ്ഞെടുപ്പില്‍ 105 എം പിമാരുടെ വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. പിന്നീട് ട്രസ്സിനെ പിന്തുണച്ചു.2010ലാണ് ആദ്യമായി ഇവരും എംപിയായത്. അന്നത്തെ പ്രധാനമന്ത്രി തെരേസ മേയുടെ കീഴില്‍ പല വകുപ്പുകളിലും കാബിനറ്റ് മന്ത്രിയായി.ഇവരും മല്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ജോണ്‍സണ്‍ വരുമോ…
മനസ്സില്ലാ മനസ്സോടെ രാജിവെയ്ക്കേണ്ടി വന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരിക്കുമെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.മന്ത്രിമാര്‍ കൂട്ടത്തോടെ രാജിവെച്ചതിനെ തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെയാണ് ഇദ്ദേഹം സ്ഥാനമൊഴിഞ്ഞത്.എന്നിരുന്നാലും ഒട്ടേറെ എംപിമാര്‍ ജോണ്‍സണ്‍ തിരികെ വരണമെന്ന ആഹ്വാനവുമായി പരസ്യമായി രംഗത്തുവന്നിട്ടുണ്ട്!