ഡബ്ലിന്‍ : പൊതുയിടങ്ങളില്‍ ആളുകള്‍ മാസ്‌കടക്കമുള്ള സുരക്ഷാ നടപടികള്‍ ഒഴിവാക്കുന്നതില്‍ ആശങ്ക വ്യക്തമാക്കി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി. പബ്ലിക് ട്രാന്‍സ്പോര്‍ട്ടിലൊക്കെ ആളുകള്‍ മാസ്‌കുകള്‍ ഒഴിവാക്കുകയാണ്.വിന്റര്‍ വരാനിരിക്കെയുള്ള ഈ സുരക്ഷാവീഴ്ച വളരെ ഉല്‍ക്കണ്ഠയളവാക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങള്‍, തിരക്കേറിയ ഇന്‍ഡോറുകള്‍, പൊതു ഗതാഗതം എന്നിവയില്‍ മാസ്‌ക് ഒഴിവാക്കുന്നത് ഗുണകരമല്ലെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.എന്നിരുന്നാലും മാസ്‌ക് നിര്‍ബന്ധിതമാക്കി നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ആലോചനയില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡിന്റെ ഘട്ടത്തിലാണ് നാമിപ്പോഴും. അതിനാല്‍ എല്ലാം ശരിയായി ചെയ്യാന്‍ നമ്മളെല്ലാം ശ്രദ്ധിക്കണം. പൊതുമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്ലെന്നുവെച്ച് സുരക്ഷയില്‍ വീഴ്ച വരുത്തരുത്.ഇക്കാര്യത്തില്‍ ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുന്നതിനായി കാമ്പെയ്ന്‍ സംഘടിപ്പിക്കും. ബസ്സുകളിലും ട്രയിനുകളിലും മറ്റും മാസ്‌ക് ധരിക്കണമെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകളും സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ്, ഫ്ളൂ, ആര്‍എസ്വി, മറ്റ് ശ്വാസകോശ രോഗങ്ങള്‍ എന്നിവ ആഞ്ഞടിക്കുമെന്നത് പരിഗണിച്ചുള്ളതാണ് എച്ച് എസ് ഇയുടെ വിന്റര്‍ പ്ലാനെന്ന് മന്ത്രി ഡോണെല്ലി പറഞ്ഞു.