ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വിന്ററില്‍ പവര്‍കട്ട് നേരിടേണ്ടി വന്നേക്കുമെന്ന സൂചനകള്‍. ഊര്‍ജ്ജച്ചെലവുകള്‍ വെട്ടിച്ചുരുക്കിയ യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തിന്റെ ഭാഗമായാണ് പവര്‍കട്ട് വരുന്നത്.
ഇ യുവില്‍ ഏറ്റവും ഉയര്‍ന്ന പവര്‍കട്ട് നേരിടേണ്ട രണ്ടാമത്തെ രാജ്യമാകും അയര്‍ലണ്ടെന്നാണ് കരുതുന്നത്. അയര്‍ലണ്ടില്‍ 6.25 മണിക്കൂര്‍ സമയമാണ് പ്രതിമാസം പവര്‍ കട്ട് ഏർപ്പെടുത്തേണ്ടി വരുക എന്ന സൂചനയാണ് ഇപ്പോൾ വകുപ്പ് അധികൃതർ നൽകുന്നത്.ഏതാനം മിനുട്ടുകൾ മാത്രമേ ദിവസം തോറും ഇതുണ്ടാവുകയുള്ളുവെങ്കിലും അയർലണ്ടിന്റെ ചരിത്രത്തിലാദ്യമായാവും പവർ കട്ട് ഉണ്ടായേക്കുക എന്നതിനാൽ അത് ശ്രദ്ധേയമാവുന്നു.
അഞ്ച് മാസത്തെ വിന്റര്‍ കാലയളവില്‍ 51 മണിക്കൂര്‍ പവര്‍കട്ട് വേണ്ടി വരുമെന്നാണ് എയര്‍ ഗ്രിഡ് പറയുന്നത്.അതനുസരിച്ച് ഒരു ഉപഭോക്താവിന് നാലു മണിക്കൂറെങ്കിലും വൈദ്യുതിയില്ലാതെ കഴിയേണ്ടി വരുമെന്നാണ് ഇവരുടെ നിഗമനം. വീടുകളെ പവര്‍കട്ടില്‍ നിന്നൊഴിവാക്കാന്‍ ശ്രമിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ സാഹചര്യങ്ങള്‍ അതിന് അനുയോജ്യമല്ലെന്നാണ് വൈദ്യുതി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
നവംബര്‍, ഡിസംബര്‍ മാസത്തോടെ രാജ്യം ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ വലിയ സമ്മര്‍ദ്ദത്തിലാകുമെന്ന് യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കോ ഓപ്പറേഷന്‍ ഓഫ് ട്രാന്‍സിമിഷന്‍ സിസ്റ്റം ഓപ്പറേറ്റേഴ്സ് ഫോര്‍ ഇലക്ട്രിസിറ്റി (എന്റ്സോ) വ്യക്തമാക്കി.പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗം 5 ശതമാനം വെട്ടിക്കുറച്ചാല്‍ പവര്‍കട്ടിന്റെ അപകടസാധ്യത കുറയ്ക്കാനാകും. 10 ശതമാനം കുറച്ചാല്‍ വലിയ നേട്ടവുമാകുമെന്നും എന്റ്സോ പറയുന്നു.എയര്‍ഗ്രിഡിന്റെ കണക്കു കൂട്ടുന്നതിനേക്കാള്‍ കുറവാണ് ഈ നിരീക്ഷണം.കഴിഞ്ഞ വിന്ററില്‍ 17.4 മണിക്കൂറായിരുന്നു വൈദ്യുതിയുടെ ഷോര്‍ട്ടേജുണ്ടായത്.
അയര്‍ലണ്ടിന് ഏറ്റവും കൂടുതല്‍ ഗ്യാസ് ലഭിക്കുന്നത് യുകെയില്‍ നിന്നാണ്. അയര്‍ലണ്ടിന്റെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനവും ഗ്യാസിന് തന്നെയാണ്.ഊര്‍ജ പ്രതിസന്ധിയുടെ ഫലമായി യൂറോപ്പാകെ ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.
ഫ്രാന്‍സില്‍, 26 മണിക്കൂര്‍ സമയം വരെ വൈദ്യുതിയില്ലാതെ കഴിയേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇയുവിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത് ഇറ്റലിയടക്കമുള്ള പല രാജ്യങ്ങളും ഭാഗീകമായി നിയന്ത്രണം ആരംഭിച്ചു കഴിഞ്ഞു. ന്യൂക്ലിയര്‍ ഉല്‍പ്പാദനം കുറവായതാണ് ഇതിന് കാരണമാകുന്നത്. മാള്‍ട്ടയും സൈപ്രസുമെല്ലാം പവര്‍കട്ടിന്റെ ദുരിതം പേറേണ്ടി വരും.യൂറോപ്യന്‍ മെയിന്‍ലാന്റുമായി യാതൊരു ഊര്‍ജ ബന്ധവുമില്ലാത്ത ഏക യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് സൈപ്രസ്.നോര്‍വേയും സ്വീഡനും ഊര്‍ജ ഉപയോഗം വെട്ടിക്കുറയ്ക്കാതെ മുന്നോട്ടു പോകാനുള്ള സമ്മര്‍ദ്ദത്തിലാണ്.