അയര്‍ലണ്ടിന്റെ ഗോള്‍ഡന്‍ വിസ പദ്ധതിയിലൂടെ ‘അയര്‍ലണ്ടു’കാരായത് ചൈനയിലെ 1511 അതി സമ്പന്നര്‍

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ഗോള്‍ഡന്‍ വിസ പദ്ധതിയിലൂടെ പത്തുവര്‍ഷത്തിനുള്ളില്‍ റസിഡന്‍സി നേടിയത് 1511 ചൈനയിലെ കോടീശ്വരന്മാര്‍.കഴിഞ്ഞ 5 വര്‍ഷത്തിനുള്ളിലാണ് ഇവരില്‍ ബഹുഭൂരിപക്ഷത്തിനും വിസ ലഭിച്ചത്.യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് (ഇ ഇ എ) പുറത്തുള്ള സമ്പന്നരെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്നതിനായി 2012ലാണ് നീതിന്യായ വകുപ്പ് എമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാ(ഐ .ഐ .പി)മാരംഭിച്ചത്.

publive-image

പത്തു വര്‍ഷത്തിനിടെ ആകെ 1,613 അപേക്ഷകളാണ് ഈ സ്‌കീമില്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ഈ അപേക്ഷകരില്‍ 1,511(94%)പേരും ധനികരായ ചൈനക്കാരായിരുന്നു. മറ്റപേക്ഷകരില്‍ 31 അമേരിക്കക്കാരും 12 വിയറ്റ്നാമുകാരുമുണ്ടായിരുന്നു.ഉക്രൈന്‍ യുദ്ധം വന്നതോടെ റഷ്യന്‍ അപേക്ഷകരെ ഒഴിവാക്കി.ഈ സ്‌കീമിലൂടെ 1.2 ബില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ സമാഹരിച്ചത്.

മറ്റു 11 രാജ്യങ്ങള്‍ക്കും ഇത്തരം സ്‌കീമുകളുണ്ടെങ്കിലും അയര്‍ലണ്ടിന്റെ ഐ ഐ പിയ്ക്ക് സ്വീകാര്യത വര്‍ധിച്ചു വരികയാണ്.ഈ വര്‍ഷം ഇത് വരെ 800ലേറെ അപേക്ഷകളാണ് ലഭിച്ചത്.132 മില്യണ്‍ യൂറോയിലധികം നിക്ഷേപമാണ് ഇതിലൂടെ വന്നത്. കഴിഞ്ഞ 10വര്‍ഷത്തിനിടെ ലഭിച്ച അപേക്ഷകളുടെ 27ശതമാനമാണിത്.വിസ ലഭിക്കുന്നതിനുള്ള നിക്ഷേപത്തുക 2016 മുതല്‍ ഇരട്ടിയാക്കിയിരുന്നു. എന്നിട്ടും ഇതാണ് സ്ഥിതി.ഈ വര്‍ഷം മുന്‍വര്‍ഷത്തിന്റെ ഇരട്ടി അപേക്ഷകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

അയര്‍ലണ്ടിന്റെ ഐ ഐ പി ഇങ്ങനെ

അപേക്ഷകന് രണ്ട് മില്യണിലധികം വ്യക്തിഗത സമ്പത്ത് ഉണ്ടായിരിക്കണമെന്നതാണ് ഐ ഐ പിയുടെ പ്രധാന വ്യവസ്ഥ.അയര്‍ലണ്ടില്‍ ഒരു മില്യണ്‍ യൂറോയില്‍ കുറയാത്ത തുക മൂന്ന് വര്‍ഷത്തേക്ക് അപേക്ഷകര്‍ നിക്ഷേപിക്കണം.അല്ലെങ്കില്‍ രാജ്യത്തെ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഒരു പ്രോജക്റ്റില്‍ 500,000 (ഗ്രൂപ്പ് നിക്ഷേപമാണെങ്കില്‍ 400,000) യൂറോ സംഭാവനയായി നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഐ ഐ പി വിസ ലഭിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും അയര്‍ലണ്ടില്‍ താമസിക്കാം. റസിഡന്‍സിക്ക് അപേക്ഷിക്കുന്നതിന് വര്‍ഷത്തില്‍ ഒരു ദിവസം മാത്രം അയര്‍ലണ്ടിലെത്തിയാല്‍ മതിയാകും.

ആദ്യം രണ്ട് വര്‍ഷത്തെ വിസയാണ് അനുവദിക്കുക.പിന്നീട് മൂന്ന് വര്‍ഷത്തേയ്ക്ക് വിസ പുതുക്കി നല്‍കും. ഇതിനുശേഷം അഞ്ച് വര്‍ഷത്തെ റസിഡന്‍സിയും ലഭിക്കും.ആദ്യത്തെ രണ്ട് വര്‍ഷത്തിന് ശേഷം അധിക ചെലവുകളില്ലാതെ മൂന്ന് വര്‍ഷം റസിഡന്‍സി പുതുക്കാനാകും.അഞ്ച് വര്‍ഷത്തിനിടെ നാലു വര്‍ഷവും അയര്‍ലണ്ടിലാണ് താമസിച്ചതെങ്കില്‍, ഐറിഷ് പൗരനാകാന്‍ നാച്വറലൈസേഷനും അപേക്ഷിക്കാം.

ചുളുവില്‍ ഇ യു പൗരത്വം നേടാനുള്ള പിന്‍ വഴികളെന്ന് വിമര്‍ശനം

അതിനിടെ, ഗോള്‍ഡന്‍ വിസ സ്‌കീമിനെതിരെ ചുളുവില്‍ ഇ യു പൗരത്വം നേടാനുള്ള പിന്‍ വഴികളാണ് ഗോള്‍ഡന്‍ വിസയും ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട് സ്‌കീമുകളും നല്‍കുന്നതെന്ന വിമര്‍ശനം ഇ പിയില്‍ ഉയര്‍ന്നിരുന്നു.അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ മൂലം ഗോള്‍ഡന്‍ വിസ നിയമങ്ങളില്‍ യൂറോപ്യന്‍ യൂണിയനിലുടനീളം ഏകീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.യൂറോപ്യന്‍ യൂണിയനിലെ റെസിഡന്‍സി നിയമങ്ങളില്‍ കൃത്രിമം കാണിക്കുമെന്ന ഭയത്താല്‍ ഇത്തരം സ്‌കീമുകളില്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് (ഇ പി) ഈ വര്‍ഷമാദ്യം ആവശ്യപ്പെട്ടിരുന്നു.

പാസ്‌പോര്‍ട്ട് സ്‌കീമുകളേക്കാള്‍ അപകടസാധ്യതകള്‍ ഇത്തരം സ്‌കീമുകള്‍ക്കുണ്ടെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പറയുന്നു.അതിനാല്‍ ഇതു സംബന്ധിച്ച പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കണം.ഏതെങ്കിലും അപേക്ഷകന് റസിഡന്‍സി നല്‍കുന്നതില്‍ അംഗരാജ്യത്തിന് എതിര്‍ക്കാനും അതും പരിഗണിക്കണം.നോണ്‍-സ്റ്റേറ്റ് ഏജന്‍സികളും മറ്റ് ഇടനിലക്കാരും നടത്തുന്ന പരിശോധനകളെ മാത്രം ആശ്രയിച്ച് റസിഡന്‍സി അപേക്ഷകള്‍ പരിഗണിക്കരുതെന്നും ഇ പി പറഞ്ഞു.

Advertisment