ലണ്ടന്‍: വിദേശത്ത് അവധിക്കാലം ആഘോഷിക്കാന്‍ പോയ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടിയന്തരമായി നാട്ടില്‍ തിരിച്ചെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ അദ്ദേഹം ഊര്‍ജിതമായി കരുനീക്കുന്ന എന്ന സൂചനകള്‍ക്കിടയിലാണ് ഈ മടങ്ങിവരവ്.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് നിയമങ്ങള്‍ ലംഘിച്ചു പാര്‍ട്ടി വരെ നടത്തി വിവാദത്തില്‍പ്പെട്ട അദ്ദേഹം ഗത്യന്തരമില്ലാതെ രാജിവയ്ക്കുകയായിരുന്നു. അന്ന് രാജിപ്രഖ്യാപനത്തില്‍, തന്റെ തിരിച്ചുവരവുണ്ടാകുമെന്ന് റോമന്‍ ചരിത്ര രൂപകങ്ങള്‍ ഉപയോഗിച്ച് ജോണ്‍സണ്‍ സൂചന നല്‍കിയിരുന്നു. ടെര്‍മിനേറ്റര്‍ സിനിമയില്‍ അര്‍നോള്‍ഡ് ഷ്വാസ്നെഗറിന്റെ "വീണ്ടും കാണാം' എന്ന ഡയലോഗും പറഞ്ഞാണ് അദ്ദേഹം അന്ന് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
അതേസമയം, മത്സരിക്കാന്‍ 100 പാര്‍ട്ടി എംപിമാരുടെയെങ്കിലും പിന്തുണ വേണമെന്ന വ്യവസ്ഥ ബോറിസിനു തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. 357 എംപിമാരില്‍ അമ്പതോളം പേരുടെ പിന്തുണ മാത്രമാണ് അദ്ദേഹത്തിന് ഇപ്പോഴുള്ളത്. ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു.
അതേസമയം, ബോറിസിനെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിനു മുന്‍പ് നന്നായി ആലോചിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.