ലണ്ടന്‍: ഇന്ത്യയും യു.കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ 2023ന് മുമ്പ് യാഥാര്‍ഥ്യമാകാനുള്ള സാധ്യത മങ്ങി. ഇരു രാജ്യങ്ങളും തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞെങ്കിലും ചില മേഖലകളില്‍ ഇനിയും ധാരണയിലെത്തിയിട്ടില്ല.
ഇതിനിടെ ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതും സര്‍ക്കാരിലെ അഭിപ്രായവ്യത്യാസങ്ങളും കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ വഴിമുടക്കുന്ന അവസ്ഥയാണ്.
യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ബ്രിട്ടന്‍ ഉപേക്ഷിച്ചതോടെയാണ് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് പ്രസക്തിയേറിയത്. കുടിയേറ്റ നയം ഉദാരമാക്കുന്നതു സംബന്ധിച്ച കാര്യങ്ങളിലാണ് ചര്‍ച്ചകള്‍ പ്രധാനമായും മുന്നോട്ടു പോകാനുള്ളത്. ഇക്കാര്യത്തില്‍ ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു.
ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റം വര്‍ധിപ്പിക്കുന്നതിനോട് അനുകൂലമായ നിലപാടാണ് ഹോം സെക്രട്ടറിയായിരുന്ന സുയേല്ല ബ്രേവര്‍മാന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, ബ്രിട്ടനില്‍ പുതിയ സര്‍ക്കാര്‍ വരുന്നതോടെ ഈ നയത്തില്‍ മാറ്റം വന്നുകൂടായ്കയില്ല.