ലണ്ടന്‍: ലിസ് ട്രസ് വിജയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ അന്തിമ റൗണ്ടിലെത്താനാവാതെ പുറത്തായ പെനി മോര്‍ഡന്റ് വീണ്ടും മത്സരിക്കാന്‍ തയാറെടുക്കുന്നു.
തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. വെള്ളിയാഴ്ച രാത്രി വരെ സ്ഥാനാര്‍ഥിത്വം ഔപചാരികമായി പ്രഖ്യാപിച്ചിട്ടുള്ളത് പെനി മാത്രം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവസാന റൗണ്ട് വരെ പൊരുതി പരാജിതനായ ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് മത്സരസന്നദ്ധത അനൗദ്യോഗികമായി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി തിരിച്ചുവരവ് ആഗ്രഹിക്കുന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അന്തിമ തീരുമാനം വ്യക്തമല്ല. ജോണ്‍സണ്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്നു മന്ത്രിമാരായ ബെന്‍ വാലസും ജേക്കബ് റീസ് മോഗും പ്രഖ്യാപിച്ചു. അതോടെ, വാലസ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും അവസാനമായി.
സുനകിനെ കഴിഞ്ഞ തവണ പിന്തുണയ്ക്കാതിരുന്നതില്‍ ഖേദപ്രകടനം നടത്തി ഏതാനും എംപിമാര്‍ ഇത്തവണ പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്. പെനി മോര്‍ഡന്റിനും കാര്യമായ പിന്തുണയുണ്ട്. കുറഞ്ഞത് 100 പാര്‍ട്ടി എംപിമാരുടെയെങ്കിലും പിന്തുണയുള്ളവര്‍ക്ക് തിങ്കളാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ഥികളാകാം.