ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്നു പേരുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്ത്യന്‍ വംശജനും മുന്‍ ചാന്‍സലറുമായ ഋഷി സുനാക് മത്സരിക്കാന്‍ ആവശ്യമായ 100 എംപിമാരുടെ പിന്തുണ നേടിക്കഴിഞ്ഞു.
357 കണ്‍സര്‍വേറ്റിവ് എം.പിമാരില്‍ 100 പേരുടെ പിന്തുണ ലഭിക്കുന്നവര്‍ക്കു മാത്രമേ മത്സരിക്കാനാവൂ. മത്സരരംഗത്തുണ്ടാകുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മറ്റൊരു സ്ഥാനാര്‍ഥിയായ പെനി മോര്‍ഡന്റും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്തു പോയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും നാട്ടില്‍ തിരിച്ചെത്തി നൂറ് എംപിമാരുടെ പിന്തുണ ഉറപ്പിക്കാന്‍ ചരടുവലികള്‍ ആരംഭിച്ചു കഴിഞ്ഞു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. മൂന്നു പേര്‍ രംഗത്തുണ്ടെങ്കില്‍, എം.പിമാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി കൂടുതല്‍ വോട്ട് ലഭിക്കുന്ന രണ്ടുപേര്‍ അവസാന റൗണ്ടില്‍ മത്സരിക്കും. 1,72,000 കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തിയാണ് ഇവരിലൊരാളെ നേതാവായി തെരഞ്ഞെടുക്കുക.