ലണ്ടന്‍: എഴുപതു വര്‍ഷം ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്തിന്റെ മരണശേഷം രാജകുടുംബത്തിലെ വിള്ളലുകള്‍ കൂടുതല്‍ വലുതാകുന്നതായി സൂചന.
വില്യം രാജകുമാരന്റെ ഭാര്യയും പ്രിന്‍സസ് ഓഫ് വെയില്‍സുമായ കേറ്റ് മിഡില്‍ടണും, ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഭാര്യ പട്ടമഹിഷി കാമിലയും തമ്മിലുള്ള അധികാര മത്സരം കടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കാമിലയെ 'രണ്ടാനമ്മ' എന്നു വിശേഷിപ്പിക്കുന്നതില്‍ നിന്ന് വില്യമിന്റെ കുട്ടികളെ വിലക്കിയതായും പറയപ്പെടുന്നു.
ഇപ്പോഴത്തെ കിരീടാവകാശിയായ വില്യം രാജകുമാരനും, ഭാര്യയോടൊപ്പം അമേരിക്കയിലേക്കു താമസം മാറിയ സഹോദരന്‍ ഹാരിയും തമ്മിലുള്ള കിടമത്സരവും ഇതിനിടെ ശക്തി പ്രാപിക്കുന്നു എന്നാണ് കൊട്ടാരം വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വാര്‍ത്ത.
എലിസബത്ത് രാജ്ഞി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാറുന്നില്ലെന്നാണ് ചാള്‍സിന്റെ തീരുമാനം. കാമിലയ്ക്കൊപ്പം മറ്റ് മൂന്ന് രാജകീയ എസ്റേററ്റുകളിലായിരിക്കും താമസം.
ചാള്‍സിന്റെ അമ്മാവനും രാജ്ഞിയുടെ ഉപദേശകനുമായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു 1970 കളില്‍ 11 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണവും ഇതിനിടെ ശക്തമായിട്ടുണ്ട്.