റോം: ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോണി അധികാരമേറ്റു. മന്ത്രിസഭാംഗങ്ങളും അവര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
രണ്ടാം ലോക യുദ്ധത്തിനു ശേഷം ഇറ്റലിയില്‍ ആദ്യമായാണ് തീവ്ര വലതുപക്ഷവാദികള്‍ അധികാരത്തിലേറുന്നത്. രാജ്യത്തെ അവസാന ഫാസിസ്ററ് ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസോളിനിയുടെ പിന്‍മുറക്കാരി കൂടിയാണ് ജോര്‍ജിയ.
അവരുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടിയാണ് രാജ്യത്തെ സഖ്യ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയുടെ ഫോര്‍സ ഇറ്റാലിയയും മാറ്റിയോ സാല്‍വിനിയുടെ ആന്‍റി ഇമിഗ്രന്‍റ് ലീഗുമാണ് സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍. മുസ്ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചുപുലര്‍ത്തുന്ന ജോര്‍ജിയ വേദികളില്‍ അത്തരം അഭിപ്രായങ്ങള്‍ തുറന്നടിക്കാന്‍ മടിക്കാറില്ല. യൂറോപ്യന്‍ യൂനിയന്റെ കടുത്ത വിമര്‍ശകയുമാണ്.
2018ലെ പൊതു തെരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ട് മാത്രമാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടിക്ക് നേടാനായത്. അവിടെനിന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലേക്കുള്ള വളര്‍ച്ച.
മുസോളിനിയെ അനുകൂലിക്കുന്നവര്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം സ്ഥാപിച്ച മൊവിമെന്റോ സോഷ്യലി ഇറ്റാലിയാനോയുടെ (എം.എസ്.ഐ) യുവജന വിഭാഗത്തിലൂടെയാണ് ജോര്‍ജിയ പതിനഞ്ചാം വയസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൗമാരം മുതല്‍ കുടുംബം പോറ്റാന്‍ ജോലി ചെയ്ത ചരിത്രമാണ് അവര്‍ക്കുള്ളത്.
വിദ്യാര്‍ഥി സംഘടനകളെ അണിനിരത്തുന്നതിലും ഏകോപിപ്പിക്കുന്നതിലും മികവ് പുലര്‍ത്തി. 1995ല്‍ എം.എസ്.ഐ നാഷനല്‍ അലയന്‍സ് ആയി രൂപാന്തരപ്പെടുകയും ഫാസിസ്ററ് വേരുകള്‍ ഉപേക്ഷിച്ച് യാഥാസ്ഥിതിക വലതുപക്ഷ ദേശീയ പാര്‍ട്ടിയായി സ്വയം പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, മെലോണി എ.എന്നിന്റെ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി. 29ാം വയസില്‍ എംപി. 2008ല്‍ മെലോണിയെ യുവജന വകുപ്പിന്റെ ചുമതലയുള്ള ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി പ്രധാനമന്ത്രി ബെര്‍ലുസ്കോണി നിയമിച്ചു.