ബ്രിട്ടീഷ് ഭരണനേതൃത്വത്തിലെ ഇന്ത്യക്കാരന്‍: ചരിത്രത്തിന്റെ യു~ടേണ്‍

author-image
athira kk
New Update

ലണ്ടന്‍: ഇരുനൂറു വര്‍ഷം ഇന്ത്യയെ അടക്കി ഭരിക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ സൂര്യനസ്തിമിക്കാത്ത സാമ്രാജ്യമായിരുന്നു ബ്രിട്ടന്‍. ഇന്നു ഭൂവിസ്തൃതികൊണ്ട് ചെറുരാജ്യമായി ചുരുങ്ങിപ്പോയെങ്കിലും പ്രഭാവത്തിന്റെ കാര്യത്തില്‍ ആഗോളവ്യാപകം തന്നെയാണ് ബ്രിട്ടന്റെ ശക്തി. ആ ബ്രിട്ടനെയാണ് ഇനിയൊരു ഇന്ത്യന്‍ വംശജന്‍ നയിക്കാന്‍ പോകുന്നത്. കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയാവുന്ന ഒരു ചരിത്ര മുഹൂര്‍ത്തം.
publive-image

Advertisment

ഇന്ത്യന്‍ വംശജന്‍ മാത്രമല്ല, ഇന്ത്യയുടെ മരുമകന്‍ കൂടിയാണ് ഋഷി സുനാക്. ഇന്ത്യയില്‍നിന്ന് ഈസ്ററ് ആഫ്രിക്ക വഴി ബ്രിട്ടനിലേക്കു കുടിയേറിയ പഞ്ചാബി കുടുംബത്തില്‍ ജനനം. സതാംപ്റ്റണില്‍ ബ്രിട്ടിഷ് പൗരനായി ജനിച്ച ഋഷി, ഈ അര്‍ഥത്തില്‍ ഇന്ത്യയുടെ ചെറുമകനാണ്. ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാനായ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷതയാണ് ഋഷിയുടെ ഭാര്യ. ഏറെക്കാലമായി ബ്രിട്ടനിലായിട്ടും അക്ഷത ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടില്ല.

കുടിയേറ്റ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണെങ്കിലും ഇന്ത്യന്‍ പൈതൃകം ഇനിയും ഉപേക്ഷിച്ചിട്ടില്ല ഋഷിയും. ഭാരതീയതയോടും ഭഗവത്ഗീതയോടുമുള്ള ഇഷ്ടം ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ഭഗവത് ഗീതയില്‍ തൊട്ടായിരിക്കും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും പ്രഖ്യാപനം വന്നുകഴിഞ്ഞു.

താനൊരു ഹിന്ദുമതവിശ്വാസിയാണെന്ന് തുറന്നു പറയാനും ഋഷിക്ക് മടിയില്ല. ബ്രിട്ടനിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തിനും ഋഷിയുടെ വിജയം ദീപാവലി ദിനത്തില്‍ ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.

സ്വന്തം നിലയ്ക്ക് അതിസമ്പന്നയായ അക്ഷത മൂര്‍ത്തി ബ്രിട്ടനില്‍ നികുതി അടയ്ക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നപ്പോള്‍, ബ്രിട്ടീഷ് പൗരത്വമില്ലാത്തതിനാല്‍ അടയ്ക്കാന്‍ ബാധ്യത ഇല്ലാഞ്ഞിട്ടും അടയ്ക്കാന്‍ സന്നദ്ധ അറിയിച്ചു മാതൃകയായിരുന്നു ഈ കുടുംബം. ഇത്തരത്തില്‍ 20 മില്യന്‍ പൗണ്ടാണ് അക്ഷത നികുതി അടച്ചത്. ഇതോടെ അക്ഷതയുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ മുനയൊടിഞ്ഞു.

ഋഷിയുടെ പിതാവ് യശ്വീര്‍ സുനാക് ജനിക്കുന്നത് കെനിയയിലാണ്. മാതാവ് ഉഷയുടെ ജനനം ടാന്‍സാനിയയിലും. സ്തുത്യര്‍ഹമായ സേവനത്തിന് ബ്രിട്ടിഷ് സര്‍ക്കാര്‍ നല്‍കുന്ന മെംബര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടിഷ് എംപയര്‍ (എംബിഇ) പുരസ്കാരത്തിന് അമ്മയുടെ പിതാവ് അര്‍ഹനായിട്ടുണ്ട്. 1960ലാണ് ഇവരുടെ കുടുംബം കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുടിയേറുന്നത്.

ഋഷിയുടെ തന്നെ വാക്കുകളില്‍, ""അമ്മയുടെ അമ്മയാണ് ആദ്യം ബ്രിട്ടനില്‍ എത്തിയത്. തനിക്കും കുടുംബത്തിനും നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ബ്രിട്ടനില്‍ എത്തിയ അവര്‍ ലണ്ടനില്‍ ഒരു ജോലി സമ്പാദിച്ചു. ഭര്‍ത്താവിനെയും കുട്ടികളെയും ലണ്ടനിലേക്ക് കൊണ്ടുവരാനായി ഒരുവര്‍ഷത്തോളം അവര്‍ക്ക് അധികസമയം ജോലി ചെയ്യേണ്ടിവന്നു. തളരാതെ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച അവര്‍ ലക്ഷ്യം നേടി. ഒരു വര്‍ഷത്തിനു ശേഷം അവര്‍ ഭര്‍ത്താവിനെയും കുട്ടികളെയും ലണ്ടനില്‍ എത്തിച്ചു. അതില്‍ ഒരു കുട്ടിയായിരുന്നു ഋഷിയുടെ അമ്മ. പഠനത്തില്‍ സമര്‍ഥയായിരുന്ന ഉഷ ഫാര്‍മസിസ്ററായി. പിന്നീട് എന്‍എച്ച്എസ്ജിപി ഡോക്ടറായ യശ്വീറിനെ കണ്ടുമുട്ടുകയായിരുന്നു. അവരുടെ കഥ അവിടെ അവസാനിക്കുന്നെങ്കിലും എന്റെ കഥ അവിടെ തുടങ്ങുകയായിരുന്നു.''

1980ല്‍ ഈ മാതാപിതാക്കളുടെ മൂത്ത മകനായിട്ടായിരുന്നു ഋഷിയുടെ ജനനം. സഞ്ജയ്, രാഖി എന്നീ സഹോദരങ്ങളുമുണ്ട്. ഏറ്റവും വലുത് കുടുംബമാണെന്നും ബ്രിട്ടനാണ് തന്നെപ്പോലുള്ള ആയിരങ്ങള്‍ക്ക് നല്ല ഭാവിയൊരുക്കാന്‍ അവസരം നല്‍കിയ രാജ്യമെന്നും അദ്ദേഹം വിശ്വസിക്കുന്നു. സാംസ്കാരികവും മതപരവുമായ പാരമ്പര്യം ഭാരതീയതയില്‍ ഊന്നിക്കൊണ്ടുള്ളതാണെന്ന് പറയുമ്പോഴും നൂറു ശതമാനവും ബ്രിട്ടിഷുകാരനാണെന്നാണ് ഋഷി ആവര്‍ത്തിക്കുന്നത്.

Advertisment