അന്നു തള്ളിയവര്‍ ഇന്ന് ഒറ്റക്കെട്ടായി ഒപ്പം: ഇത് ഋഷിയുടെ സാമ്പത്തിക നയത്തിന്റെ വിജയം

author-image
athira kk
New Update

ലണ്ടന്‍: ഒട്ടും എളുപ്പമുള്ളതായിരുന്നില്ല പ്രധാനമന്ത്രിക്കസേരയിലേക്കുള്ള ഋഷി സുനകിന്റെ യാത്ര. പ്രമുഖരെ പിന്തള്ളിയാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ രണ്ടാമനായത്. ചാന്‍സലര്‍ എന്ന നിലയില്‍ കോവിഡ് കാല സാമ്പത്തിക പ്രതിസന്ധികളെ ഫലപ്രദമായി നേരിട്ടുകൊണ്ട് അദ്ദേഹം ആ സ്ഥാനത്തോടു നീതി പുലര്‍ത്തുകയും ചെയ്തു.
publive-image

Advertisment

എന്നാല്‍, അതേ ബോറിസിനെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയില്‍നിന്ന് ആദ്യം രാജിവയ്ക്കുന്നവരിലൊരാളും സുനാക് തന്നെയായിരുന്നു. തുടര്‍ന്നു പാര്‍ട്ടി അധ്യക്ഷനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാന്‍ നടത്തിയ മത്സരത്തില്‍ സ്വാഭാവിക സ്ഥാനാര്‍ഥി തന്നെയായിരുന്നു അദ്ദേഹം. എന്നാല്‍, അവസാന റൗണ്ട് വരെ മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും, ലിസ് ട്രസ് മുന്നോട്ടു വച്ച നികുതി ഇളവ് വാഗ്ദാനങ്ങള്‍ക്കു മുന്നില്‍ പരാജയം സമ്മതിക്കേണ്ടിവന്നു.

നികുതി ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഋഷി സുനക് തയാറായിരുന്നില്ല. എന്നാല്‍, 45 ദിവസത്തെ ഭരണത്തിനൊടുവില്‍ ലിസ് ട്രസ് രാജിവയ്ക്കുമ്പോള്‍ അതിനു പ്രധാന കാരണം അവര്‍ പ്രഖ്യാപിച്ച നികുതി ഇളവുകള്‍ തന്നെയായിരുന്നു. ഋഷി സുനാകിന്റെ പഴയ നിലപാട് തന്നെയായിരുന്നു ശരി എന്നു രാജ്യം അംഗീകരിച്ചതിന്റെ തെളിവാണ് ഇപ്പോഴത്തെ എതിരില്ലാത്ത പ്രധാനമന്ത്രി സ്ഥാനം.

നികുതിയിളവ് പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പില്‍ ലിസ്ട്രസിനെ ഋഷി സുനകിന്റെ മുന്നിലെത്തിച്ചത്. പ്രതിവര്‍ഷം 3,000 കോടി യൂറോയുടെ നികുതിയിളവ് ലിസ് ട്രസ് പ്രഖ്യാപിച്ചിരുന്നു. ഊര്‍ജ്ജത്തിന് ഈടാക്കുന്ന ഹരിത നികുതി നിര്‍ത്തലാക്കുമെന്നും വാഗ്ദാനം ചെയ്തു. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ഭാഗമായി സുനാക് പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി പിന്‍വലിക്കുമെന്നും ലിസ് പറഞ്ഞിരുന്നു.

രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഋഷിയുടെ നിലപാട്. ബ്രെക്സിറ്റിനു ശേഷം കോവിഡും യുക്രെയ്ന്‍ സംഘര്‍ഷവും തളര്‍ത്തിയ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് ഇതു താങ്ങാന്‍ കഴിയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. രാജ്യം നേരിടുന്ന നാണ്യപ്പെരുപ്പവും വിലക്കയറ്റം പരിഹരിച്ചതിനു ശേഷമേ നികുതിയിളവിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അന്നത് തള്ളിയവര്‍ വൈകിയാണെങ്കിലും അതു സ്വീകരിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.

ഇപ്പോഴായിരുന്നു തിരഞ്ഞെടുപ്പെങ്കില്‍ തങ്ങള്‍ ഋഷി സുനാകിന് വോട്ട് ചെയ്യുമായിരുന്നുവെന്നാണ് പാര്‍ട്ടിയിലെ സാധാരണ അംഗങ്ങള്‍ക്കിടയിലെ 55 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. വെറും 25 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം നടന്ന അഭിപ്രായ സര്‍വേയില്‍ ലിസ് ട്രസിന് ലഭിച്ചത്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങളെയും വാഗ്ദാനങ്ങളേയും സുനക് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേള്‍ക്കുമ്പോള്‍ മനോഹരമെന്ന് തോന്നാമെങ്കിലും അപ്രായോഗികമെന്നായിരുന്നു ഋഷി അഭിപ്രായപ്പെട്ടിരുന്നു.

ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഋഷി ഉന്നയിച്ച വാദങ്ങള്‍ ശരിയാകുന്നുവെന്ന് വന്നതോടെയാണ് അദ്ദേഹത്തിന് പിന്തുണ വര്‍ധിച്ചിരിക്കുന്നതെന്ന് വ്യക്തം.

Advertisment