ലണ്ടന്‍ : രണ്ടു ശതാബ്ദത്തിനിടയിലെ ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് 42കാരനായ ഋഷി സുനക് അധികാരമേറുന്നത്.യുകെയിലെ ആദ്യത്തെ ഹിന്ദു പ്രധാനമന്ത്രിയും, ആദ്യ ഏഷ്യക്കാരനുമാണ് ഇദ്ദേഹം.ചുരുങ്ങിയ നാളത്തെ ഭരണം ഉപേക്ഷിച്ച ലിസ്ട്രസ് തന്റെ മുന്‍ഗാമിയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ നയിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സുനക്കിന് മുന്നിലുള്ളത്.
2015ല്‍ നോര്‍ത്ത് യോര്‍ക്ക്ഷെയറിലെ റിച്ച്മണ്ട് മണ്ഡലത്തില്‍ ആദ്യമായി വിജയിച്ച സുനക്കിന്റെ എംപിയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള പ്രയാണം വളരെ വേഗമേറിയതായിരുന്നു. ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സ്ഥാനക്കയറ്റമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ബോറിസ് ജോണ്‍സണിനൊപ്പം പിഴ ചുമത്തപ്പെട്ടതും ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ നികുതിയുമായി ബന്ധപ്പെട്ട നോണ്‍-ഡോം പദവി വിവാദവുമൊന്നും ഇദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് തടസ്സമായില്ല.
വിജയം പ്രഖ്യാപിച്ച് അരമണിക്കൂറിനുള്ളില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ കണ്‍സര്‍വേറ്റീവ് എംപിമാരെ സുനക് അഭിസംബോധന ചെയ്തിരുന്നു.നിയുക്ത പ്രധാനമന്ത്രി തന്റെ സെക്കന്റുകള്‍ മാത്രം നീണ്ട പ്രസംഗത്തില്‍ രാജ്യം അഗാധമായ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് ഒരുമിക്കുക അല്ലെങ്കില്‍ മരിക്കുകയെന്ന ആഹ്വാനം മാത്രമേ കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്ക് നല്‍കിയുള്ളു.കുതിച്ചുയരുന്ന ജീവിതച്ചെലവാണ് ജനങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്നും സുനക് പറഞ്ഞു.
അതിനിടെ അധ്വാനിക്കുന്നവരുടെ മനസ്സറിയാത്ത നേതാവാണ് ഋഷി സുനകെന്ന് ഡെപ്യൂട്ടി ലേബര്‍ നേതാവ് ഏഞ്ചല റെയ്‌നര്‍ അഭിപ്രായപ്പെട്ടു. പൊതു തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത്. എസ് എന്‍ പി വെസ്റ്റ്മിന്‍സ്റ്റര്‍ നേതാവ് ഇയാന്‍ ബ്ലാക്ക്ഫോര്‍ഡും ഇതേ ആവശ്യം ഉന്നയിച്ചു.ലേബര്‍ പാര്‍ട്ടി അവിശ്വാസ പ്രമേയം അവതരിപ്പിച്ചാല്‍ പിന്തുണയ്ക്കുമെന്നും ഇയാന്‍ ബ്ലാക്ക്ഫോര്‍ഡ് പറഞ്ഞു.പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യം സുനക് നിരാകരിച്ചു.