ഡബ്ലിന്‍: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്ത് അയര്‍ലണ്ട്. സുനക് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ കോവനേ പറഞ്ഞു.പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ നേരത്തേതന്നെ സുനകിനെ അനുമോദിച്ച് സഹകരണം വാഗ്ദാനം ചെയ്തിരുന്നു.
ഇരു ഗവണ്‍മെന്റുകളും തമ്മില്‍ ശക്തവും സൗഹൃദപരവുമായ ബന്ധമുണ്ടാകേണ്ടതുണ്ട്. ഇതിന്റെ പ്രാധാന്യം പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും ഋഷി സുനകും മനസ്സിലാക്കിയിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാകും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്നാണ് കരുതുന്നതെന്നും കോവനെ പറഞ്ഞു.വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും.നോര്‍ത്ത്തേണ്‍ അയര്‍ലന്‍ഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാനാവില്ല.അതിനാല്‍ എക്‌സിക്യൂട്ടീവ് രൂപീകരിച്ച് അനാവശ്യ തിരഞ്ഞെടുപ്പ് ഒഴിവാക്കാനാകുമോ എന്ന് നോക്കേണ്ടതുണ്ട്.ഇക്കാര്യം ഡി യു പിയുമായി ചേര്‍ന്ന് ഇരു സര്‍ക്കാരുകളും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും കോവനെ പറഞ്ഞു.
പ്രധാനമന്ത്രി പദത്തിലെത്തിയ ഋഷി സുനക്കിനെ ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ അനുമോദിച്ചു.യുദ്ധം, പണപ്പെരുപ്പം, ആഗോള അനിശ്ചിതത്വം എന്നീ ആഗോള വെല്ലുവിളികളില്‍ യുകെ അയര്‍ലന്‍ഡുമായും യൂറോപ്യന്‍ യൂണിയനുമായും സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വരദ്കര്‍ പറഞ്ഞു.