റോം: ഫാഷിസം ഉള്‍പ്പെടെയുള്ള ഏകാധിപത്യ ഭരണരീതികളെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി തള്ളിപ്പറഞ്ഞു. നിയോ ഫാഷിസ്ററ് സംഘടനയുടെ പിന്‍ബലത്തില്‍ അധികാരത്തിലെത്തിയ ജോര്‍ജിയയുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളോട് ഒരിക്കലും തനിക്ക് അനുകമ്പ തോന്നിയിട്ടില്ലെന്നും അത്തരം ആശയങ്ങളുമായി അടുപ്പമില്ലെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രിയായ ശേഷം പാര്‍ലമെന്റില്‍ നടത്തിയ കന്നി പ്രസംഗത്തിലാണ് ജോര്‍ജിയ നിര്‍ണായകമായ പല നിലപാട് മാറ്റങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യന്‍ ഐക്യത്തിനും നാറ്റോയ്ക്കും എതിരേ നിലപാട് സ്വീകരിച്ചിരുന്ന ജോര്‍ജിയ തന്റെ പ്രസംഗത്തില്‍ രണ്ട് സംഘടനകള്‍ക്കും തന്റെ സര്‍ക്കാരിന്റെ ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയാണു ചെയ്തത്. യുക്രെയ്നും തന്റെ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് അവര്‍ വ്യക്തമാക്കി.
മാരിയോ ദ്രാഗിയുടെ മുന്‍ സര്‍ക്കാര്‍ യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യക്ക് ഉപരോധമേര്‍പ്പെടുത്തുന്നതിന് പിന്തുണ നല്‍കിയിരുന്നു. കീവിന് ആയുധവും നല്‍കിയിരുന്നു.
കഴിഞ്ഞ മാസമാണ് മെലോനിയുടെ തീവ്ര വലതുപക്ഷ കക്ഷി തെരഞ്ഞെടുപ്പില്‍ വിജയം കൊയ്തത്. 45കാരിയായ മെലോനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്.