ലണ്ടന്‍: പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ ഋഷി സുനാക് ബ്രിട്ടീഷ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ഡൊമിനിക് റാബിനെ അതേ സ്ഥാനത്തേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്.
ക്വാസി ക്വാര്‍ട്ടെങ്ങിനെ പുറത്താക്കി ലിസ് ട്രസ് ചാന്‍സലറാക്കിയ ജെറമി ഹണ്ടിന് അതേ വകുപ്പില്‍ തുടരാം. ട്രസ് മന്ത്രിസഭയില്‍ നിന്നു രാജിവച്ച സുയെല്ല ബ്രേവര്‍മാന്‍ സുനാകിന്റെ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായി തിരിച്ചെത്തും.
സുനക് അനുകൂലിയല്ലെങ്കിലും വിദേശകാര്യമന്ത്രിയായി ജയിംസ് ക്ളവര്‍ലി തുടരും. പ്രധാനമന്ത്രി സ്ഥാനത്തേക്കു സുനക്കിനെതിരെ മത്സരിക്കാന്‍ ശ്രമം നടത്തിയ പെന്നി മോര്‍ഡന്റിനെ ജനപ്രതിനിധി സഭാ നേതാവായി വീണ്ടും നിയമിച്ചു. ബെന്‍ വാലസ് പ്രതിരോധ മന്ത്രിയായി തുടരും. ബ്രേവര്‍മാന്‍ രാജിവച്ചപ്പോള്‍ ആഭ്യന്തരമന്ത്രിയായ ഗ്രാന്‍ഡ് ഷാപ്സിനെ വാണിജ്യ വകുപ്പിലേക്കു മാറ്റി.
ലിസ് ട്രസ് മന്ത്രിസഭയിലെ വാണിജ്യ, ഊര്‍ജ മന്ത്രി ജേക്കബ് റീസ് മോഗ്, നിയമമന്ത്രി ബ്രണ്ടന്‍ ലൂയിസ്, വിദ്യാഭ്യാസ മന്ത്രി കിറ്റ് മാള്‍ട്ട്ഹൗസ്, ശ്രീലങ്കന്‍ വംശജനായ പരിസ്ഥിതി മന്ത്രി റനില്‍ ജയവര്‍ധനെ, ഗവ. ചീഫ് വിപ് വെന്‍ഡി മോര്‍ട്ടന്‍ എന്നിവര്‍ രാജിവച്ചു. ഇന്ത്യന്‍ വംശജനായ അലോക് ശര്‍മ അടക്കം ചില മന്ത്രിമാരെ ഋഷി ഒഴിവാക്കി.