ബ്രവർമാനെ ആഭ്യന്തര മന്ത്രിയാക്കിയതിൽ സുനക്കിനു വിമർശനം 

author-image
athira kk
New Update

ലണ്ടൻ: സുവെല്ല ബ്രവർമാനെ വീണ്ടും ആഭ്യന്തര മന്ത്രിയായി നിയമിച്ചതിന്റെ പേരിൽ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്ക് വിവാദത്തിൽ കുടുങ്ങി. അധികാരമേറ്റയുടൻ സുനക്ക് നടത്തിയ ആദ്യ നിയമനങ്ങളിൽ ഒന്നായിരുന്നു അത്.
publive-image

Advertisment

ബ്രവർമാനെ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നു നീക്കം ചെയ്തതു അവർ സുരക്ഷ ലംഘിച്ചു എന്നു തെളിഞ്ഞതോടെയാണ്. പാർലമെന്റിൽ വയ്ക്കാനുള്ള ഒരു രേഖ അതിനു മുൻപായി ഒരു എംപിക്ക് ഇമെയിൽ ചെയ്തു എന്നതു മഹാ അപരാധമൊന്നുമല്ല. എന്നാൽ സാങ്കേതികമായി സുരക്ഷാ പിഴവ് തന്നെയാണ്. രാജി ആവശ്യപ്പെട്ടതിനു പ്രതികരണമായി ബ്രവർമാൻ ട്രസിനെ നാണം കെടുത്തിയെന്നതു വാസ്തവമാണ്. സാമ്പത്തിക നയം നാടിനെ കുട്ടിച്ചോറാക്കിയതിൽ തെറ്റു  സമ്മതിച്ചവർ അധികാരത്തിൽ തൂങ്ങിക്കിടക്കുന്നത് എന്തിനെന്ന അവരുടെ ചോദ്യമാണ് പിറ്റേന്നു തന്നെ രാജി വയ്ക്കാൻ ലിസ് ട്രസിനെ നിർബന്ധിതയാക്കിയത്‌ എന്നതു  വ്യക്തം. 

ബോറിസ് ജോൺസന്റെ രാജിയിലേക്കു നയിച്ച രാജി അന്നു ധനമന്ത്രി ആയിരുന്ന സുനക്കിന്റെതായിരുന്നു
എന്ന് ഓർമിക്കാം. ബ്രെവർമാൻ ഇന്ത്യൻ വംശജ ആയതു കൊണ്ട് സുനക് പക്ഷപാതം കാട്ടി എന്നുവരെ
വിമർശകർ ആരോപിക്കുന്നുണ്ട്.

പ്രതിപക്ഷ ലേബർ പാർട്ടി ഈ വിഷയം ആളിക്കത്തിച്ചു. ലേബർ എം പി: ക്രിസ് ബ്രയന്റ ട്വീറ്റ് ചെയ്തു: "സുരക്ഷാ ലംഘനത്തിന്റെ പേരിൽ പിരിച്ചു വിട്ട സുവെല്ല ബ്രെവർമാനെ ദിവസങ്ങൾക്കുള്ളിൽ തിരിച്ചു ആഭ്യന്തര മന്ത്രിയായി നിയമിക്കുന്നത് സത്യസന്ധതയോ കാര്യക്ഷമതയോ തൊഴിൽ മികവോ അല്ല.അതു വിവരം കെട്ട രാഷ്ട്രീയവുമാണ്." ടോറി പാർട്ടിയെ സത്യസന്ധമായും കാര്യക്ഷമതയോടെയും ഉത്തരവാദിത്ത ബോധത്തോടെയും നയിക്കുമെന്നു നേരത്തെ സുനക് പ്രഖ്യാപിച്ചിരുന്നു. 

"ഇത്തരം അരാജകത്വങ്ങൾ അനുവദിക്കാൻ കഴിയാത്ത പ്രാധാന്യം നമ്മുടെ ദേശരക്ഷയ്ക്കും പൊതുജന
സുരക്ഷയ്ക്കും ഉണ്ട്," ലേബർ എം പി: വെറ്റെ കൂപ്പർ പറഞ്ഞു. ബ്രെവർമാന്റെ നടപടി സുരക്ഷാ ലംഘനം ആയിരുന്നു. ജോൺസൺ വീണ്ടും മത്സരിക്കാൻ ഇറങ്ങിയപ്പോൾ പിന്തുണയ്ക്കു വേണ്ടി സുനക് ബ്രെവർമാനെ കൂട്ടുപിടിച്ചെന്നും അതിനു നൽകിയ പ്രതിഫലമാണ് ആഭ്യന്തരമന്ത്രി സ്ഥാനമെന്നും 'ദ ഗാർഡിയൻ' പത്രം വിമർശകരെ ഉദ്ധരിച്ചു പറഞ്ഞു. 

മത്സരത്തിൽ നിന്നു പിന്മാറി തന്റെ ലക്‌ഷ്യം സുഗമമാക്കിയ പെനി മുർഡന്റിനെ സുനക് മന്ത്രിസഭയിൽ എടുത്തു. ഗിലിയൻ കീഗനാണ് മൂന്നാമതൊരു വനിത. ജോൺസൺ പക്ഷത്തു നിന്നു പലരെയും ഉൾക്കൊള്ളിച്ചു. ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ്, വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവർലി, പ്രതിരോധ മന്ത്രി ബെൻ വാലസ് എന്നിവർ അക്കൂട്ടത്തിലുണ്ട്.

Advertisment