ബര്‍ലിന്‍: ജര്‍മനിയില്‍ 30 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയായവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെയും നിയന്ത്രിതമായ വിപണിയിലും കഞ്ചാവ് വില്‍ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.
നിലവില്‍ ജര്‍മനിയിലെ ജനസംഖ്യയില്‍ ഏകദേശം 40 ലക്ഷത്തോളം ആളുകള്‍ കഞ്ചാവ് ഉപയോഗിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും 18 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരാണ്.
നിയമപ്രകാരമുള്ള തോട്ടങ്ങളില്‍ വിളയുന്ന കഞ്ചാവ് സര്‍ക്കാര്‍ അംഗീകൃത ഔട്ട്ലെറ്റുകളിലൂടെയായിരിക്കും വിതരണം ചെയ്യുക. 30 ഗ്രാം കഞ്ചാവ് വരെ ഒരാള്‍ക്ക് വാങ്ങാം. വിപണിയെ നിയന്ത്രിക്കാന്‍ കര്‍ശന ചട്ടങ്ങളുണ്ടാവും. കഞ്ചാവ് വില്‍ക്കുന്ന കടകളില്‍ മദ്യമോ പുകയില വസ്തുക്കളോ വില്‍ക്കാന്‍ പാടില്ല. സ്കൂളുകള്‍ക്ക് സമീപം ഇത്തരം കടകള്‍ പ്രവര്‍ത്തിക്കാനും അനുവദിക്കില്ല.
അതേസമയം, യുറോപ്യന്‍ യൂണിയന്‍ എക്സിക്യൂട്ടീവ് കമ്മീഷന്റെ കൂടി അനുമതി ലഭിച്ചാല്‍ മേത്രമേ രാജ്യത്ത് നിയമം നടപ്പാക്കാന്‍ കഴിയൂ. അടുത്ത വര്‍ഷത്തോടെ ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുറോപ്പിനുള്ള മാതൃകയായിരിക്കും പുതിയ നിയമങ്ങളെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി കാള്‍ ലാറ്റര്‍ബാച്ച് അവകാശപ്പെട്ടു.