ഡബ്ലിന്‍ : യൂറോപ്പിലെങ്ങും ഒക്ടോബറിലെ വാരാന്ത്യത്തിൽ വിന്ററിലെ സമയക്രമം ഒരു മണിക്കൂര്‍ പിന്നിലേക്ക് പോകുന്നു. വര്‍ഷത്തില്‍ രണ്ടുതവണ സമയം മാറ്റുന്ന യൂറോപ്യന്‍ സമയ മാറ്റ ‘പ്രതിഭാസം ‘ 2021ല്‍ അവസാനിക്കേണ്ടതായിരുന്നു. ഇതു സംബന്ധിച്ച ഇയു പാര്‍ലമെന്റിന്റെ തീരുമാനവുമുണ്ട്.എന്നാല്‍ കോവിഡ് ബാധയെ തുടര്‍ന്ന് സമയമാറ്റ പദ്ധതി നിര്‍ത്തിവയ്ക്കുകയായിരുന്നു.
/sathyam/media/post_attachments/iSKQUe3qhRN4Wrezcc6u.jpg)
ഇതനുസരിച്ച് ഒക്ടോബര്‍ 30 ന് ഞായറാഴ്ച്ച രാവിലെ വെളുപ്പിന് 2 മുതല്‍ അയര്‍ലണ്ടും, മാള്‍ട്ടയും ഇറ്റലിയുമുള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട് പോകും.
യൂറോപ്യന്‍ യൂണിയനിലെ ഭൂരിപക്ഷം ആളുകളും സമയമാറ്റം അവസാനിപ്പിക്കുന്നതിന് അനുകൂലമാണെന്ന് മുമ്പ് നടത്തിയ സര്‍വേ തെളിഞ്ഞിരുന്നു. എന്നാല്‍ അതിന്റെ നിയമസാധുതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇനി പരിഹരിക്കേണ്ടത്. കൂടാതെ എല്ലാ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ഇതംഗീകരിച്ച് ഒരു പൊതു നിയമമായി മാറേണ്ടതുമുണ്ട്. ഇതിന് ശേഷം സമ്മര്‍ സമയമാണോ വിന്റര്‍ സമയമാണോ പാലിക്കേണ്ടതെന്ന് ഓരോ അംഗരാജ്യവും സ്വന്തം നിലയില്‍ തീരുമാനിക്കാം.
സമയമാറ്റത്തെ യൂറോപ്യന്‍ ജനത വളരെയധികം അനുകൂലിച്ചിരുന്നു. എന്നിരുന്നാലും എന്നാണ് ഈ മാറ്റം അവസാനിപ്പിക്കുന്നതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കോവിഡനന്തരം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലങ്ങളുടെ മാറ്റത്തിനനുസരിച്ച് പരമാവധി ‘പകല്‍’ ലഭ്യമാക്കുന്നതിനാണ് സമയം മാറ്റുകയെന്ന പദ്ധതി കൊണ്ടുവന്നത്. വിന്ററില്‍ പകല്‍ വളരെ നേരത്തെ ഇരുളുന്നു. അതിനാല്‍ സായാഹ്നങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നതിന് സമയം ഒരു മണിക്കൂര്‍ പിന്നോട്ട് നീക്കുന്നു. സമ്മറില്‍ സ്വാഭാവികമായും നീണ്ട സായാഹ്നങ്ങളുമായി അവര്‍ മുന്നോട്ട് പോകുന്നു.
1916 മെയ് 21 മുതലാണ് ഇതൊരു മാനദണ്ഡമായി തുടരുന്നത്. എന്നാല്‍ 2019 മാര്‍ച്ച് 26ന് യൂറോപ്യന്‍ പാര്‍ലമെന്റ് ഡേലൈറ്റ് സേവിംഗ് സ്‌കീം ശാശ്വതമായി നീക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതനുസരിച്ചുള്ള അവസാന സമയമാറ്റം 2021 വസന്തകാലത്ത് നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധിയും ബ്രക്‌സിറ്റും കാരണം അതുണ്ടായില്ല.