ഡബ്ലിന്‍ : നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എക്സിക്യൂട്ടീവ് ഉണ്ടാകണമെന്നതടക്കമുള്ള വിഷയങ്ങളില്‍ സഹകരിക്കാന്‍ ബ്രിട്ടന്‍- അയര്‍ലണ്ട് പ്രധാനമന്ത്രിമാര്‍ ധാരണ.ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും മീഹോള്‍ മാര്‍ട്ടിനും തമ്മില്‍ നടത്തിയ ആദ്യ ഫോണ്‍ സംഭാഷണത്തിലാണ് ഫെബ്രുവരി 28ന് മുമ്പ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എക്‌സിക്യൂട്ടീവ് രൂപീകരിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്ന് തീരുമാനിച്ചത്.
എക്സിക്യൂട്ടീവ് രൂപീകരിക്കാനുള്ള രണ്ടു വര്‍ഷത്തെ സമയപരിധി വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് വിഷയം ചര്‍ച്ചയായത്.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എക്സിക്യൂട്ടീവുണ്ടാകേണ്ടത് അടിയന്തിര ആവശ്യമാണെന്ന് ഇരു പ്രധാനമന്ത്രിമാരും സമ്മതിച്ചു.
നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇ യു-യു കെ ഇടപെടലിന് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.പ്രോട്ടോക്കോള്‍ പ്രശ്നം തന്റെ മുന്‍ഗണനയിലുണ്ടെന്ന് സുനക് പ്രതികരിച്ചു.അയര്‍ലണ്ടും ബ്രിട്ടനുമായി സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ വരും മാസങ്ങളിലുണ്ടാകുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി.
നോര്‍ത്തേണ്‍ അയര്‍ലണ്ട് വിഷയം ഡെയ്ലില്‍
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എക്സിക്യൂട്ടീവ് രൂപീകരിച്ചു കാണാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി മാര്‍ട്ടിന്‍ ഡെയ്ലില്‍ പറഞ്ഞു. അതുണ്ടായില്ലെങ്കില്‍, ഗുഡ്ഫ്രൈഡേ ഉടമ്പടി പ്രകാരം ഐറിഷ് ഗവണ്‍മെന്റ് ഇടപെടും.എക്‌സിക്യൂട്ടീവിന്റെ രൂപീകരണത്തിന് തടസ്സമുണ്ടെങ്കില്‍, ഡബ്ലിന്‍-ലണ്ടന്‍ സംയുക്ത സര്‍ക്കാരുണ്ടാകണമെന്ന് സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു.
വെള്ളിയാഴ്ചയോടെ പുനഎക്സിക്യൂട്ടീവ് സ്ഥാപിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി ക്രിസ് ഹീറ്റണ്‍-ഹാരിസ് ആവര്‍ത്തിച്ചു. നേതാവ് മാറിയെന്ന് വിചാരിച്ച് ഇക്കാര്യത്തില്‍ നയം മാറ്റിയിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.
തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെന്ന് ഡി യു പി
തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് ഡി യു പി നേതാവ് ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് പുനസ്ഥാപനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് സിന്‍ ഫെയിന്‍ സ്റ്റോര്‍മോണ്ട് നേതാവ് മിഷേല്‍ ഒ നീലും വ്യക്തമാക്കി. പറഞ്ഞു.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് തിരഞ്ഞെടുപ്പാണെന്ന് അലയന്‍സ് പാര്‍ട്ടി നേതാവ് നവോമി ലോംഗ് പറഞ്ഞു.ഇത് കൂടുതല്‍ ധ്രുവീകരണമുണ്ടാക്കുമെന്ന് അള്‍സ്റ്റര്‍ യൂണിയനിസ്റ്റ് നേതാവ് ഡഗ് ബീറ്റി പറഞ്ഞു.
റഷ്യയ്ക്കെതിരെ ഒറ്റക്കെട്ട്
ഉക്രൈയ്നിന് അയര്‍ലണ്ട് നല്‍കുന്ന ശക്തമായ പിന്തുണയെ പ്രധാനമന്ത്രി സുനക് സ്വാഗതം ചെയ്തു.പുടിന്റെ കടന്നാക്രമണത്തിനെതിരെ അന്താരാഷ്ട്ര ഐക്യം തുടരേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു.യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നുമായും സുനക് ഫോണില്‍ സംസാരിച്ചു. റഷ്യന്‍ യുദ്ധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ ഒത്തുപ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ട്വിറ്ററില്‍ പറഞ്ഞു.