വാഴ്സോ: കമ്യൂണിസ്ററ് ഭരണകാലത്ത് നിര്‍മിച്ച നാല് സ്മാരകങ്ങള്‍ കൂടി പോളണ്ട് സര്‍ക്കാര്‍ പൊളിച്ചു നീക്കി. നാസി ജര്‍മന്‍ പട്ടാളത്തോട് പൊരുതിമരിച്ച റെഡ് ആര്‍മി പട്ടാളക്കാരുടെ സ്മാരകമായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്തൂപങ്ങളാണ് പൊളിച്ചത്.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അപലപിച്ചതിനു പിറകെയാണ് രാജ്യത്തിന്റെ വിവിധ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സോവിയറ്റ് കാലത്തെ നാല് പ്രധാന സ്മാരകങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരിക്കുന്നത്. സ്വന്തം രാജ്യത്തെയും വിദേശത്തെയും മനുഷ്യരെ അടിമകളാക്കുകയും കൊലപ്പെടുത്തുകയും ചെയ്തവരുടെ സ്മാരകമാണ് നീക്കിയതെന്ന് സ്റേററ്റ് ഹിസ്റേറാറിക്കല്‍ ഇന്‍സ്ററിറ്റ്യൂട്ട് മേധാവി കരോള്‍ നവ്റോകി പറഞ്ഞു.
നാസി ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം പ്രദാനം ചെയ്യുകയല്ല 1945ല്‍ സോവിയറ്റ് യൂനിയന്‍ ചെയ്തത്. പകരം, മറ്റൊരു കാരാഗൃഹം സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാംലോക യുദ്ധത്തിനുശേഷം നാലു പതിറ്റാണ്ടു കാലം സോവിയറ്റ് യൂനിയന്റെ നിയന്ത്രണത്തിലായിരുന്നു പോളണ്ട്. ഇപ്പോള്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയ്ന് പിന്തുണ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് യുക്രെയ്നിന്റെ അയല്‍രാജ്യംകൂടിയായ പോളണ്ട്. റഷ്യന്‍ നിയമ പ്രകാരം റഷ്യയിലെയും വിദേശത്തെയും സോവിയറ്റ് സൈനിക സ്മാരകങ്ങള്‍ നീക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവുശിക്ഷയുണ്ട്.