പത്തുവര്‍ഷമായിട്ടും സവിത ഹാലപ്പനവര്‍ ജീവിയ്ക്കുന്നു… അയര്‍ലണ്ടിന്റെ ഓര്‍മ്മകളില്‍

author-image
athira kk
New Update

ഡബ്ലിന്‍ : മണ്‍മറഞ്ഞ് പത്തുവര്‍ഷമായിട്ടും സവിത ഹാലപ്പനവറെന്ന ഇന്ത്യന്‍ യുവതി അയര്‍ലണ്ടിലും സുഹൃത്തുക്കളുടെ മനസ്സിലും ഇന്നും നോവിക്കുന്ന ഓര്‍മ്മയാണ്. അവളുടെ വിയോഗം കൊളുത്തിയ തീ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഗര്‍ഭഛിദ്ര നിയമഭേദഗതിയുടെയും മറ്റ് വിവാദങ്ങളുടെയുമൊക്കെ വഴിയേ സവിത ജീവിക്കുകയാണ്. സവിതയുടെ ജീവനെടുത്ത 2012 ഒക്ടോബര്‍ 28ന്റെ വേദനകള്‍ പങ്കിടാനും സവിതയയ്ക്കായി പ്രാര്‍ഥിക്കാനുമായി ഇന്നലെയും സുഹൃത്തുക്കള്‍ ഒത്തുകൂടിയിരുന്നു.
publive-image

Advertisment

മായാത്ത ചിരിയായി സവിത

മരണത്തിലും മാഞ്ഞുപോകാത്ത ചിരിയായി ഇന്നും സവിത ജീവിക്കുകയാണെന്ന് ഗോള്‍വേയിലെ മൃദുല വസേപള്ളിയും മോഷുമി മണ്ഡലും അനുസ്മരിച്ചു. മൃദുല വാസേപ്പള്ളി സവിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.സഹോദരിയെപ്പോലെയുള്ള ഒരാളുടെ നഷ്ടം എങ്ങനെയാണ് സഹിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് മൃദുല പറഞ്ഞു.

എപ്പോഴും എങ്ങനെ സന്തോഷമായിരിക്കാമെന്ന് പഠിപ്പിക്കുന്നയാളായിരുന്നു സവിതയെന്ന് മോഷുമി ഓര്‍ക്കുന്നു.ആ പുഞ്ചിരി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു.അത് പോയതിന് ശേഷം ഞങ്ങള്‍ക്ക് ദീപാവലിയുമില്ലാതെയായി.പ്രവീണ്‍ സവിതയെ ഇന്ത്യയിലേയ്ക്ക് കൊണ്ടുപോയ ശേഷം അവളുടെ വസ്ത്രങ്ങളെല്ലാം ചാരിറ്റിയ്ക്ക് നല്‍കിയതും ഇവരായിരുന്നു.ആ അനുഭവം അസഹനീയമായിരുന്നു.

പ്രിയപ്പെട്ട സവിത പോയതിലൂടെ ഇവിടെയുണ്ടായ നിയമ മാറ്റങ്ങള്‍ ആശ്വാസം നല്‍കുന്നതാണെന്ന് ഇരുവരും പറയുന്നു. എന്നാല്‍ സവിതയുടെ നഷ്ടമായ കളങ്കമറ്റ ചിരി, സന്തോഷം നിറഞ്ഞ ജീവിതം ഇതൊന്നും ആര്‍ക്കും തിരികെ നല്‍കാനാവില്ലല്ലോയെന്നും ഇവര്‍ ചോദിക്കുന്നു. സവിത പോയതോടെ ജീവിതത്തോടുള്ള ഊര്‍ജ്ജം നഷ്ടപ്പെട്ടെന്നും ഇവര്‍ സങ്കടപ്പെടുന്നു.

ഒക്ടോബറിന്റെ നഷ്ടം

2012 ഒക്ടോബര്‍ 21നാണ് 17 ആഴ്ച ഗര്‍ഭിണിയായിരുന്ന സവിത ഹാലപ്പനവര്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗോള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെത്തിയത്.ഭര്‍ത്താവ് പ്രവീണും ഒപ്പമുണ്ടായിരുന്നു.ഭ്രൂണത്തിന്റെ അവസ്ഥ മോശമായതിനാല്‍ പ്രസവം സാധ്യമല്ലെന്നും സ്വാഭാവികമായ വിധിയ്ക്ക് കാത്തിരിക്കാമെന്നും പറഞ്ഞ് ഡോക്ടര്‍മാര്‍ ദമ്പതികളെ ആശ്വസിപ്പിച്ചു.കത്തോലിക്കാ രാജ്യമായതിനാല്‍ അബോര്‍ഷന്‍ അനുവദനീയമല്ലെന്നും ആശുപത്രി അറിയിച്ചിരുന്നു.ദുര്‍വിധി സവിതയെയും കൊണ്ടു കടന്നു.സെപ്റ്റിക് ഷോക്ക്, രക്തപ്രവാഹത്തിലെ ഇ.കോളിയുടെ സാന്നിധ്യം, 17 ആഴ്ചയിലെ ഗര്‍ഭം അലസല്‍ എന്നിവയാണ് മരണകാരണമായി കണ്ടെത്തിയത്.

മൂന്ന് അന്വേഷണങ്ങള്‍…പക്ഷേ…

തുടര്‍ന്നുള്ള മാസങ്ങളില്‍ ഇതു സംബന്ധിച്ച് മൂന്ന് അന്വേഷണങ്ങള്‍ നടന്നു.കോറോണറുടെ ഇന്‍ക്വസ്റ്റില്‍ യു എച്ച് ജിയുടെ സിസ്റ്റം പരാജയത്തിന്റെ തെളിവുകള്‍ അക്കമിട്ടു നിരത്തി.

ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്റ് ക്വാളിറ്റി അതോറിറ്റിയുടെ 257 പേജുള്ള റിപ്പോര്‍ട്ട്, പരിചരണത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ പോലും നല്‍കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നു കണ്ടെത്തി.രോഗിയെ വിലയിരുത്തുന്നതിലും രോഗനിര്‍ണ്ണയത്തിലുമുള്ള ആശുപത്രിയുടെ പോരായ്മകള്‍ എച്ച് എസ് ഇ അന്വേഷണവും എടുത്തുപറഞ്ഞു. 33 ശുപാര്‍ശകളും നല്‍കി.

സവിത ഹാലപ്പനവറിനെ ചികിത്സിച്ച ഒമ്പത് ജീവനക്കാര്‍ അച്ചടക്കം ലംഘിച്ചതായി കണ്ടെത്തിയെങ്കിലും പക്ഷേ ആര്‍ക്കെങ്കിലുമെതിരെ നടപടിയുണ്ടായില്ല.

യെസ് വോട്ടിലും സവിത

തുടര്‍ന്ന് 2018ലെ ഗര്‍ഭഛിദ്രം സംബന്ധിച്ച റഫറണ്ടത്തില്‍ യെസ് വോട്ടിനെ പിന്തുണയ്ക്കുന്നവരുടെ കേന്ദ്രബിന്ദുവായിരുന്നു സവിത.ഭാര്യയുടെ മരണത്തെ തുടര്‍ന്നുള്ള പ്രവീണ്‍ ഹാലപ്പനവറിന്റെ നിയമനടപടികള്‍ 2016ല്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നു.എന്നിരുന്നാലും സവിതയുടെ മരണവുമായി കേസ് രാജ്യത്തിന്റെ മെഡിക്കല്‍ പ്രാക്ടീസിനെത്തന്നെ മാറ്റിമറിച്ചു.

സവിത അയര്‍ലണ്ടിന് നല്‍കിയത് മത നിരപേക്ഷതയുടെ ഒരു പുനര്‍വിചാരം മാത്രമായിരുന്നില്ല,മെഡിക്കല്‍ എത്തിക്‌സിന്റെ പ്രാഥമിക പുനരവലോകനം കൂടിയായിരുന്നു.അത് കൊണ്ട് തന്നെ ആധുനിക അയര്‍ലണ്ട് സവിതയെ മറക്കാനും ഇടയില്ല,

Advertisment