ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പുതിയതായി എത്തിയവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും തൊഴില്‍ കണ്ടെത്താനായെങ്കിലും തൊഴിലവസരങ്ങളില്‍ നേരിയ കുറവ് പ്രത്യക്ഷമാവുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് ഉയര്‍ന്ന നിലയിലാണെങ്കിലും തൊഴിലവസരങ്ങള്‍ കുറയുകയാണെന്ന് ഐറിഷ് ജോബ്സ് വെബ്സൈറ്റ് പറയുന്നു.കഴിഞ്ഞ വര്‍ഷത്തിന്റെ മൂന്നാം പാദവുമായി തട്ടിച്ചു നോക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ നിലവില്‍ 9 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ പറയുന്നത്.
കഴിഞ്ഞ ഏഴ് പാദങ്ങള്‍ക്കിടെ ആദ്യമായാണ് അയര്‍ലണ്ടിലെ തൊഴിലുകള്‍ കുറയുന്നതെന്നും വെബ്സൈറ്റ് പറയുന്നു.രണ്ടാം പാദത്തെ അപേക്ഷിച്ച് നാലു ശതമാനവും കുറവുണ്ടായി.റഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ട ഊര്‍ജ്ജ പ്രതിസന്ധിയും വിലക്കയറ്റവുമൊക്കെയാണ് തൊഴില്‍ വിപണിയിലെ മാന്ദ്യത്തിനും കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നത്.
പാന്‍ഡെമിക്കിന് മുമ്പ് 2019 മൂന്നാം പാദത്തേക്കാള്‍ തൊഴിലവസരങ്ങള്‍ മൂന്നിലൊന്ന് കൂടിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്തംബറില്‍ തൊഴിലന്വേഷകരുടെ അപേക്ഷകള്‍ 20 ശതമാനം വര്‍ധിച്ചെന്നും ഐറിഷ് ജോബ്സ് പറയുന്നു.
ഐ ടി സെക്ടറില്‍ ഒരു ശതമാനം ഒഴിവകളേ കൂടിയുള്ളു. അതേസമയം, മെഡിക്കല്‍ പ്രൊഫഷണലുകളുടെയും ആരോഗ്യ പരിരക്ഷാ ഒഴിവുകളുടെയും ഒഴിവുകളില്‍ ആറുശതമാനം വര്‍ധനവുണ്ടായി. എന്‍ജിനീയറിംഗ്, യൂട്ടിലിറ്റി തസ്തികകളില്‍ ഒഴിവുകള്‍ 10 ശതമാനം വര്‍ധിച്ചു. ഉല്‍പ്പാദനം, എച്ച് ആര്‍, റിക്രൂട്ട്മെന്റ്, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി എന്നിവയിലും അവസരങ്ങള്‍ കുറഞ്ഞതായി വെബ് സൈറ്റ് പറയുന്നു.
ഹോട്ടല്‍, കാറ്ററിംഗ് മേഖലയിലും ഒഴിവുകള്‍ കുറഞ്ഞെന്ന് വെബ് സൈറ്റ് പറയുന്നു. എന്നിരുന്നാലും അയര്‍ലണ്ടിലെ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഇപ്പോഴും വരുന്നത് ഈ മേഖലയില്‍ നിന്നും തന്നെയാണ്.മൂന്നാംപാദത്തിലെ 22 ശതമാനം ഒഴിവുകളും ഈ മേഖലയുടെ വകയാണ്.
ഇന്ത്യക്കാര്‍ ഏറെ താത്പര്യപ്പെടുന്ന ഐ ടി, ഹെല്‍ത്ത്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഇപ്പോഴും നൂറുകണക്കിന് തൊഴില്‍ സാധ്യതകള്‍ നിലവിലുണ്ട് എന്ന് തന്നെയാണ് റിപ്പോര്‍ട്ടിന്റെ രത്‌നച്ചുരുക്കം.