ജനീവ: യുഎസ് ഡോളറിനെതിരേ ലോകത്തെ വിവിധ കറന്‍സികള്‍ ദുര്‍ബലമാകുന്ന പ്രവണത തുടരുകയാണ്. എന്നാല്‍, യുഎസ് സമ്പദ് വ്യവസ്ഥയുടെ കരുത്തിനെയല്ല ഇതു തെളിയിക്കുന്നത് എന്നതാണ് വസ്തുത. യുഎസ് സമ്പദ് വ്യവസ്ഥ യഥാര്‍ഥത്തില്‍ തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വ്യാഖ്യാനം അനുസരിച്ച്, തുടരെ രണ്ടു പാദങ്ങളില്‍ ചുരുക്കം രേഖപ്പെടുത്തുന്ന സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലായതായി കണക്കാക്കാം. അതനുസരിച്ച് യുഎസ് സമ്പദ് വ്യവസ്ഥ ഇതിനകം മാന്ദ്യത്തിലായിക്കഴിഞ്ഞു.
/sathyam/media/post_attachments/5Dvg5Uiv3Li06bD9DGwu.jpg)
എന്നാല്‍, യുഎസിന്റെ തളര്‍ച്ച ലോകത്തിന്റെയാകെ തളര്‍ച്ചയായി മാറുന്നതാണ് കണ്ടു വരുന്നത്. സാധാരണഗതിയില്‍ ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തളര്‍ന്നാല്‍ കറന്‍സിയുടെ മൂല്യം കുറയുകയാണ് ചെയ്യുക. എന്നാല്‍, യുഎസ് ഡോളറിന്റെ മൂല്യം ഉയര്‍ത്തി നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ യുഎസ് ഫെഡറല്‍ റിസര്‍വ് സ്വീകരിച്ചുവരുന്നു. ഇതു കാരണം ആഗോള തലത്തില്‍ യുഎസ് ഡോളര്‍ അധിഷ്ഠിതമാക്കി നടത്തുന്ന വ്യാപരങ്ങളില്‍ പങ്കാളികളായ എല്ലാ രാജ്യങ്ങളുടെയും കറന്‍സി മൂല്യം ഇടിയുന്നു.
ഇന്ത്യന്‍ രൂപയുടെ രൂക്ഷമായ തകര്‍ച്ചയ്ക്ക് കാരണമായതും ഡോളറിന്റെ ഈ മൂല്യ വര്‍ധന തന്നെയാണ്. എന്നാല്‍, ഡോളറിനെതിരേ മൂല്യം കുറയുമ്പോള്‍ ഇതര കറന്‍സികള്‍ക്കെതിരേയും ആനുപാതികമായി ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുകയാണു ചെയ്യുന്നത്.
വ്യാവസായിക ലോകം മാന്ദ്യത്തെ നേരിടാന്‍ വിവിധ മാര്‍ഗങ്ങളും തേടുന്നുണ്ട്. യു.എസ്, യൂറോപ്പ് തുടങ്ങിയ വിപണികളെ ആശ്രയിക്കുന്ന ഐ.ടി കമ്പനികളും മറ്റും പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു വരുന്നു. 2023ല്‍ ലോകമാകെ സാമ്പത്തിക മാന്ദ്യത്തിലേക്കു വീഴുമെന്ന മുന്നറിയിപ്പാണ് ലോക ബാങ്ക് നല്‍കുന്നത്.
കോവിഡ് പ്രതിസന്ധിയും പിന്നാലെ വന്ന യുക്രെയ്ന്‍ സംഘര്‍ഷവും ചേര്‍ന്നാണ് സ്ഥിതിഗതികള്‍ ഇത്രയേറെ വഷളാക്കിയത്.