ബ്രസല്‍സ് : കാലാനുസൃതമല്ലാതെ വിരുന്നെത്തിയ ചൂട് യൂറോപ്പിനെയാകെ ആശങ്കയിലാഴ്ത്തുന്നു.സ്‌പെയിനില്‍ 30 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് കഴിഞ്ഞ മാസത്തെ താപനില. വിനോദസഞ്ചാരികള്‍ക്ക് ആഹ്‌ളാദം നല്‍കുന്നതാണിതെങ്കിലും ഈ പാരിസ്ഥിതിക മാറ്റം പ്രകൃതിസ്‌നേഹികളെ അമ്പരപ്പിലാക്കിയിട്ടുണ്ട്.കാലാവസ്ഥാ വ്യതിയാനം ത്വരിതപ്പെടുത്തുന്നതിന്റെ സൂചനയാണിതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.സ്പെയിന്‍ മുതല്‍ സ്വീഡന്‍ വരെയുള്ള പ്രദേശങ്ങളില്‍ താപനില ഇപ്പോഴും ഉയരുകയാണ്.
അയല്‍രാജ്യമായ ഫ്രാന്‍സിലും പതിവ് ഒക്ടോബറിനേക്കാള്‍ ചൂട് കൂടുതലായിരുന്നു. വടക്കുഭാഗത്ത്, സ്വീഡനിലും ചൂടേറുകയാണ്. തെക്കന്‍ സിറ്റിയായ ക്രിസ്റ്റ്യാന്‍സ്റ്റാഡില്‍ 19.5സി എന്ന റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്.സ്വീഡനില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് സ്വീഡിഷ് മെറ്റീരിയോളജിക്കല്‍ ആന്‍ഡ് ഹൈഡ്രോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സില്‍, സമ്മറില്‍ ഉഷ്ണ തരംഗങ്ങള്‍ പതിവായതോടെ കാട്ടുതീയും വ്യാപകമായ നാശനഷ്ടങ്ങളും വാര്‍ത്തകളായി.
ബ്രസ്സല്‍സിലും ചൂട് 24 ഡിഗ്രിയിലെത്തി.സാധാരണയേക്കാള്‍ പത്ത് ഡിഗ്രി കൂടുതലാണിത്. യുകെയിലും ജര്‍മ്മനിയിലും യൂറോപ്പിന്റെ ഏറിയ ഭാഗങ്ങളിലും നോര്‍ത്ത് ആഫ്രിക്കയിലും അസാധാരണമായി ചൂടു കൂടുകയാണെന്ന് വേള്‍ഡ് കാലാവസ്ഥാ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
1961ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ചൂടാണ് സ്‌പെയിനില്‍ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ എമെറ്റിലെ റൂബന്‍ ഡെല്‍ കാമ്പോ പറഞ്ഞു.ഒരുപക്ഷേ സ്‌പെയിനിലെ ഒരു നൂറ്റാണ്ടിലെ തന്നെ ഏറ്റവും ചൂടേറിയ ഒക്ടോബറായിരിക്കാം ഇത്.ശരത് കാലത്തിലേയ്ക്ക് പോകുന്നതിനിടെ ഒന്നോ രണ്ടോ ദിവസം 30ന് മുകളില്‍ താപനിലയെത്തുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇത്രയും ദിവസങ്ങള്‍ ചൂടുയരുന്നത് നല്ല സൂചനയല്ലെന്നും ഇദ്ദേഹം പറയുന്നു.
വടക്കന്‍ റിസോര്‍ട്ടായ സാന്‍ സെബാസ്റ്റ്യനില്‍ കഴിഞ്ഞ ദിവസം രാവിലെ പോലും 30.3സിയിലെത്തിയിരുന്നു.ബാസ്‌ക് മേഖലയില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ബാര്‍ബിക്യൂകളും പടക്കങ്ങളും നിരോധിച്ചിരുന്നു.കഴിഞ്ഞ ദശകത്തില്‍ തുടക്കമിട്ട സ്‌പെയിനിലെ മരുഭൂമിവല്‍ക്കരണം വേഗത്തിലാക്കുന്നതാണ് ഈ മാറ്റമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ആഗോളതാപനം ഏറ്റവും കൂടുതല്‍ ബാധിച്ച ആദ്യത്തെ പത്ത് യൂറോപ്യന്‍ നഗരങ്ങളില്‍ സ്‌പെയിനിലെ മാഡ്രിഡ്, ബാഴ്സലോണ, വലന്‍സിയ, സരഗോസ എന്നിവ ഉള്‍പ്പെട്ടിരുന്നു.
ജലസംഭരണികളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിയെ ദോഷകരമായി ബാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു. സ്‌പെയിനിലെ നിഷ് റിസര്‍വോയറിലെ ജലനിരപ്പ് കഴിഞ്ഞ ആഴ്ച ശേഷിയുടെ 31.8% ആയി കുറഞ്ഞിരുന്നു.ദശാബ്ദത്തിലെ ശരാശരി (49.3%)യേക്കാള്‍ വളരെ താഴെയാണിതെന്ന് നിരീക്ഷകര്‍ പറയുന്നു.ഈ അന്തരീക്ഷ മാറ്റം ‘വെറോനോ’ എന്ന പുതിയ വാക്കും സ്പാനിഷ് കാലാവസ്ഥാ നിഘണ്ടുവിലേക്ക് കൊണ്ടുവന്നു. വെറാനോ (സമ്മര്‍), ഒട്ടോനോ (ഓട്ടം) എന്നിവ കൂട്ടിച്ചേര്‍ന്നതാണ് ഈ വാക്ക്.