വാഷിംഗ് ടൺ: യുഎസ് ഹൗസ് സ്‌പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിയെ വീടു കയറി ആക്രമിച്ച ഡേവിഡ് ഡെപപ്പയുടെ (42) മേൽ തിങ്കളാഴ്ച കുറ്റം ചുമത്തിയതായി കലിഫോണിയ നോർത്തേൺ ഡിസ്‌ട്രിക്‌ട് യുഎസ് അറ്റോണി ഓഫീസ് അറിയിച്ചു. ആക്രമണവും തട്ടിക്കൊണ്ടു പോകാനുള്ള ശ്രമവുമാണ് കുറ്റങ്ങൾ. വധശ്രമ കുറ്റം ചുമത്തുമെന്നു സാൻ ഫ്രാൻസിസ്‌കോ പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
സാൻ ഫ്രാൻസിസ്‌കോ ഡിസ്‌ട്രിക്‌ട് അറ്റോണി ബ്രുക് ജെങ്കിൻസ് വധശ്രമം ഉൾപ്പെടെ ആറു കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 13 വർഷം മുതൽ ജീവപര്യന്തം വരെ ലഭിക്കാം. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ പെലോസിയുടെ ഭവനത്തിൽ കയറിയ അക്രമി "നാൻസി എവിടെ" എന്ന് വിളിച്ചു ചോദിച്ചിരുന്നു. സ്‌പീക്കറെ തട്ടിക്കൊണ്ടു പോകാനായിരുന്നു ലക്‌ഷ്യം എന്ന ആരോപണം തെളിഞ്ഞാൽ 20 വർഷം വരെ തടവു ശിക്ഷ ലഭിക്കാം. യുഎസ് ഉദ്യോഗസ്ഥയുടെ ഉറ്റ ബന്ധുവിനെ ആക്രമിച്ചു എന്ന കുറ്റം കൂടി ചേരുമ്പോൾ തടവ് ശിക്ഷ 30 വർഷം വരെ നീളാം.
നാൻസി പെലോസിയെ ബന്ദിയാക്കി അവർ നയിക്കുന്ന ഡെമോക്രാറ്റിക് 'നുണ സംഘത്തെ' കുറിച്ച് ചോദിക്കാനായിരുന്നു ഉദ്ദേശമെന്ന് പ്രതി പൊലീസിനോടു പറഞ്ഞതായി ജെങ്കിൻസ് സമർപ്പിച്ച രേഖകളിൽ കാണുന്നു. സത്യം പറഞ്ഞില്ലെങ്കിൽ അവരുടെ കാൽ മുട്ടുകൾ തല്ലിത്തർക്കാൻ ഉദ്ദേശിച്ചിരുന്നു.
പിന്നെ വീൽ ചെയറിൽ സ്‌പീക്കർ ഹൗസിൽ എത്തുമ്പോൾ എല്ലാ കോൺഗ്രസ് അംഗങ്ങൾക്കും അത് താക്കീതാവുമായിരുന്നു. സ്‌പീക്കർ വാഷിംഗ്‌ടണിൽ ആണെന്നു പോൾ പെലോസി പറഞ്ഞപ്പോൾ അവർ വരുന്നതു വരെ കാത്തിരിക്കാമെന്നു അയാൾ പറഞ്ഞു. കുറെ ദിവസം എടുക്കുമെന്ന് പറഞ്ഞപ്പോൾ അതു വരെ കാത്തിരിക്കാം എന്നായിരുന്നു മറുപടി.
വീടിന്റെ പിൻവശത്തു ചില്ലു തകർത്താണ് അകത്തു കയറിയതെന്നു പ്രതി പൊലീസിൽ സമ്മതിച്ചു.
ചുറ്റികയ്ക്കു അടിയേറ്റ പോൾ പെലോസിക്കു തലയോട്ടിയിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. വലതുകൈയ്യിൽ സാരമായ പരുക്കേറ്റിരുന്നു. അദ്ദേഹത്തെ കെട്ടിയിടാനും പ്രതി ശ്രമിച്ചു. സ്‌പീക്കർ വാഷിംഗ്‌ടണിൽ ആയിരുന്നു.
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പ് തോറ്റ ശേഷം 2021 ജനുവരി 6 നു ക്യാപിറ്റോളിൽ അദ്ദേഹത്തിന്റെ അനുയായികൾ നടത്തിയ ആക്രമണം കൊണ്ടു വന്ന രാഷ്ട്രീയ അക്രമത്തിന്റെ കാലാവസ്ഥയാണ് ഈ അതിക്രമത്തിനു കാരണമായതെന്നു പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രമുഖ നേതാക്കൾ അക്രമത്തെ ശക്തമായി അപലപിച്ചെങ്കിലും ട്രംപ് അതിനു തുനിഞ്ഞത് തിങ്കളാഴ്ച മാത്രമാണ്.
കുറ്റകൃത്യങ്ങൾ വിഷയമാക്കി ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക് ഭരണത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി ആക്രമണം നടത്തുമ്പോൾ പെലോസിയുടെ വീട്ടിൽ നടന്ന അക്രമം ഡെമോക്രാറ്റുകൾ തിരിച്ചടിക്കാൻ ഉപയോഗിക്കുന്നു.