ബ്രസല്‍സ് : ലോകത്തിലെ ചുട്ടുപൊള്ളുന്ന ഭൂഖണ്ഡമായി മാറുകയാണ് യൂറോപ്പ്. യൂറോപ്പില്‍ ചൂട് ക്രമാതീതമായി ഉയരുകയാണെന്ന് സ്ഥിരീകരിക്കുന്ന വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു എം ഒ) റിപ്പോര്‍ട്ടാണ് ഇത് അടിവരയിടുന്നത്.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ യൂറോപ്പിലെ താപനില ആഗോള ശരാശരിയേക്കാള്‍ ഇരട്ടിയിലധികം വര്‍ധിച്ചതായി യു എന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നു.കാലാവസ്ഥാ ദുരിതങ്ങളില്‍ നിന്നും യൂറോപ്പിലെ ജനങ്ങള്‍ മുക്തമല്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ചൂടായിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് യൂറോപ്പെന്ന് റിപ്പോര്‍ട്ട് യൂറോപ്പിനെ വിശേഷിപ്പിക്കുന്നു.
ചൂടുയര്‍ന്നു തുടങ്ങിയത് ഒരു ദശാബ്ദത്തിനുള്ളില്‍
1991 മുതലാണ് യൂറോപ്പില്‍ താപനില ഗണ്യമായി വര്‍ധിച്ചു തുടങ്ങിയത്. ദശാബ്ദത്തിനിടെ ശരാശരി 0.5 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലാണ് ചൂടുയര്‍ന്നത്. ഈ പ്രക്രിയ അതിവേഗം തുടരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.കഴിഞ്ഞ വര്‍ഷം യൂറോപ്പിലാകെ കൊടുങ്കാറ്റും പേമാരിയും വെള്ളപ്പൊക്കവും തുടങ്ങിയവ കൊടിയ നാശമുണ്ടാക്കിയിരുന്നു.5ലക്ഷത്തോളം ആളുകള്‍ ഇതിന്റെ കെടുതികള്‍ക്കിരയായി.50 ബില്യണ്‍ യൂറോയുടെ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.2022ഓടെ ഉഷ്ണതരംഗങ്ങളും വരള്‍ച്ചയും കാട്ടുതീയും കൂടുതല്‍ നാശമുണ്ടാക്കി.
മഞ്ഞുരുകുന്നതില്‍ റെക്കോര്‍ഡ് ‘നേട്ടം’
യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സര്‍വ്വീസും യുഎന്നും ചേര്‍ന്നാണ് 2021ലെ കാലാവസ്ഥാ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 1997-2021 കാലയളവില്‍ ആല്‍പൈന്‍ ഹിമാനികളുടെ ഘനം 30 മീറ്റര്‍ (ഏകദേശം 100 അടി) കുറഞ്ഞതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികളുരുകുന്നത് സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകുന്നു.കഴിഞ്ഞ വര്‍ഷം മഞ്ഞുരുകുന്നത് അതിന്റെ ഏറ്റവും ഉയര്‍ന്ന തോതിലായി. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളില്‍ കൊടിയ വരള്‍ച്ചയ്ക്കും ഉയര്‍ന്ന താപനിലയ്ക്കും വന്‍ കാട്ടുതീയ്ക്കും ഇത് കാരണമായി. ഉഷ്ണതരംഗത്തെ തുടര്‍ന്ന് സമ്മറില്‍ (ഓഗസ്റ്റില്‍) സിസിലിയിലെ സിറാക്കൂസില്‍ താപനില 48.8ഡിഗ്രി സെള്‍ഷ്യസെന്ന റിക്കോര്‍ഡിലെത്തിയിരുന്നു.
കാലാവസ്ഥാ മലിനീകരണം കുറയുന്നുമുണ്ട്
അതേ സമയം,കാലാവസ്ഥാ മലിനീകരണം നിയന്ത്രിക്കുന്നതില്‍ ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വിജയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഹരിതഗൃഹ വാതക ഉദ്ഗമനം 2030ല്‍ 55% കുറയ്ക്കണമെന്നാണ് ഇ യു ലക്ഷ്യമിടുന്നത്.എന്നാല്‍ 1990നും 202നുമിടയില്‍ ഇത് 31ശതമാനമാക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.
ആഗോള താപനില 2/1.5 ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കണമെന്നാണ് 2015ലെ പാരീസ് ഉടമ്പടിയില്‍ രാജ്യങ്ങള്‍ ധാരണയായത്.ഈ ലക്ഷ്യം നേടുന്നതില്‍ ലോക രാജ്യങ്ങള്‍ക്ക് ഇനിയും ഏറെ ദൂരം മുന്നോട്ടുപോകേണ്ടതുണ്ടെന്ന് മറ്റു ചില യു എന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.