മാന്ദ്യമോ… എവിടെ…. അയര്‍ലണ്ടിലെ സര്‍ക്കാര്‍ സാമ്പത്തികമായി മെച്ചത്തില്‍ത്തന്നെ…

author-image
athira kk
New Update

ഡബ്ലിന്‍ : യൂറോപ്പാകെ വന്‍ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നുവെന്ന ആശങ്കകള്‍ക്കിടെ അയര്‍ലണ്ട് സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ട നിലയില്‍. ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് സര്‍ക്കാര്‍ ഖജനാവില്‍ 7.3 ബില്യണ്‍ യൂറോയുടെ മിച്ചമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 7.4 ബില്യണ്‍ യൂറോയുടെ കമ്മിയായിരുന്നു ഉണ്ടായിരുന്നത്.

Advertisment

publive-image

നികുതി വരുമാനത്തിലെ ശക്തമായ വളര്‍ച്ചയാണ് സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25% വര്‍ധനവാണ് നികുതി സമാഹരണത്തിലുണ്ടായത്. 63.9 ബില്യണ്‍ യൂറോയാണ് ഈ വര്‍ഷം നികുതി ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 13 ബില്യണ്‍ യൂറോ കൂടുതലാണിത്.

ഇന്‍കം ടാക്സ് സമാഹരണത്തിലും വര്‍ധനവുണ്ടായി. ഒക്ടോബര്‍ അവസാനം വരെ 23.9 ബില്യണ്‍ യൂറോയാണ് സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 15% വര്‍ധനവാണിത്.കോര്‍പ്പറേഷന്‍ നികുതി വരുമാനം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഗണ്യമായി കൂടി.6.6 ബില്യണ്‍ യൂറോ വര്‍ധിച്ച് 16.2 ബില്യണ്‍ യൂറോയിലെത്തി നില്‍ക്കുകയാണ് കോര്‍പ്പറേറ്റ് നികുതി വരുമാനം.

ഒക്ടോബര്‍ മാസത്തിലെ കോര്‍പ്പറേറ്റ് നികുതി വരുമാനം 2.3 ബില്യണ്‍ യൂറോയാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 0.8 ബില്യണ്‍ യൂറോയുടെ വര്‍ധനവാണുണ്ടായത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാറ്റ് വരുമാനവും കൂടി.23% ഉയര്‍ന്ന് 15.5 ബില്യണ്‍ യൂറോയാണ് വാറ്റിലൂടെ ലഭിച്ചത്.

നികുതി വരുമാനം ശക്തമായി തുടരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.തൊഴില്‍ വിപണിയിലെ കരുത്തിനെയും ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ധന വകുപ്പ് പറയുന്നു.

സാമ്പത്തിക വളര്‍ച്ച; പ്രവചനം വെട്ടിക്കുറച്ച് അയര്‍ലണ്ട്

അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന പ്രവചനവുമായി ഐബെക്. സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് സാമ്പത്തിക വളര്‍ച്ചയുടെ കുറയുമെന്ന് പറയുന്നത്.സാമ്പത്തിക വളര്‍ച്ച ജൂലൈയില്‍ വിഭാവനം ചെയ്ത നാലു ശതമാനത്തില്‍ നിന്നും മൂന്നു ശതമാനമായി കുറയുമെന്നാണ് ഏറ്റവും പുതിയ ത്രൈമാസ റിപ്പോര്‍ട്ട് പറയുന്നത്.അടുത്ത വര്‍ഷം കൂടുതല്‍ മോശമാകുമെന്നും ഐബെക് പ്രവചിക്കുന്നു.

ഉയരുന്ന പണപ്പെരുപ്പം, കൂടുന്ന പലിശ നിരക്ക്,സാമ്പത്തിക ഞെരുക്കം,ഊര്‍ജ്ജ വിപണിയിലെ ചാഞ്ചാട്ടം തുടങ്ങിയ വിവിധങ്ങളായ കാരണങ്ങളാല്‍ ആഗോള സാമ്പത്തിക വ്യവസ്ഥ തന്നെ വെല്ലുവിളി നേരിടുകയാണ്.ഇതിന്റെ അലയൊലികള്‍ ചെറുതെങ്കിലും ഓപ്പണായ അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയിലുമുണ്ടാകുമെന്നാണ് ഐ ബെക് ചൂണ്ടിക്കാട്ടുന്നത്.സെന്‍ട്രല്‍ ബാങ്കിന്റെ തീവ്ര സമീപനമാണ് ഈ പിന്നോക്കം പോക്കിന് കാരണമെന്ന് ഐബെക് മേധാവി ജറാര്‍ഡ് ബ്രാഡി വിശദീകരിച്ചു.

അയര്‍ലണ്ടിന് ഒരു പരിധി വരെ മാന്ദ്യം ഒഴിവാക്കാനാകുമെങ്കിലും അതിന്റെ പ്രധാന വ്യാപാര പങ്കാളികളേയും നിരവധിയായ കുടുംബങ്ങളേയും ബിസിനസുകളേയും ഇത് ബാധിക്കാനിടയുണ്ടെന്ന് ഐബെക്കിന്റെ റിപ്പോര്‍ട്ട് പറയുന്നു.ഒരുപാട് കമ്പനികള്‍ക്ക് ഇത് പലവിധ വെല്ലുവിളികളുണ്ടാക്കുമെന്ന് ഐബെക് പറഞ്ഞു.എന്നിരുന്നാലും ഉയര്‍ന്ന ചെലവുകള്‍ മൂലം ബുദ്ധിമുട്ടുന്ന സ്ഥാപനങ്ങളെ സഹായിക്കാന്‍ മുമ്പ് പ്രഖ്യാപിച്ച ബജറ്റ് നടപടികള്‍ മതിയാകാതെ വന്നേക്കും.

ഗ്ലോബല്‍ ഇക്കോണമിയുടെ ഭാഗമെന്ന നിലയില്‍ സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്തുന്നതില്‍ സെന്‍ട്രല്‍ ബാങ്ക് അപകടം നേരിടുകയാണെന്ന് ബ്രാഡി പറഞ്ഞു.അടുത്ത 12-18മാസങ്ങളില്‍ പണപ്പെരുപ്പം കുറയ്ക്കുന്നതില്‍ സെന്‍ട്രല്‍ ബാങ്കിന് ഫലപ്രദമായി ഇടപെടാനാകുമോയെന്നതും വെല്ലുവിളിയാണ്.ഇതൊക്കെ അയര്‍ലണ്ടിന്റെ സാമ്പത്തിക വ്യവസ്ഥയെയും ബാധിക്കും.

സര്‍ക്കാരും ഉപഭോക്തൃ സാമ്പത്തിക നിലയും ശക്തമായതിനാല്‍ ഈ പ്രശ്നങ്ങള്‍ നേരിടാന്‍ അയര്‍ലണ്ടിനാകുമെന്നും ബ്രാഡി പറഞ്ഞു.സര്‍ക്കാര്‍ ഖജനാവ് മിച്ചത്തിലായതിനാല്‍ പ്രശ്നങ്ങളുണ്ടാകില്ലെന്ന് കരുതാവുന്നതാണെന്നും ബ്രാഡി അഭിപ്രായപ്പെട്ടു.

Advertisment