ലണ്ടൻ : ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽട്ടൺ മേൽവസ്ത്രം ഇല്ലാതെ സൂര്യപ്രകാശം ഏൽക്കുന്ന ചിത്രത്തെ കുറിച്ചു ഡൊണാൾഡ് ട്രംപ് പറഞ്ഞ അഭിപ്രായങ്ങൾ കേട്ടപ്പോൾ ചാൾസ് രാജാവും വില്യവും അശ്ളീലത്തിന്റെ പെരുമഴ വർഷിച്ചെന്നു അടുത്തയാഴ്ച പുറത്തു വരുന്ന ഒരു ജീവചരിത്ര പുസ്തകത്തിൽ പറയുന്നു.
ട്രംപ് 2012ൽ നാവിനൊരു നിയന്ത്രണവും ഇല്ലാതെ അഭിപ്രായം പറയുമ്പോൾ പ്രസിഡന്റ് ആയിട്ടില്ല. ചാൾസ് അന്നു കിരീടാവകാശി. വില്യം രാജകുമാരനും കേറ്റും ഒന്നിച്ചു ഒഴിവുകാലം ആസ്വദിക്കുമ്പോൾ ഫ്രാൻസിലെ ഒരു സ്വകാര്യ ഇടത്തിൽ രാജകുമാരി മേൽ വസ്ത്രമില്ലാതെ കിടക്കുന്ന ചിത്രം അന്നൊരു ഫ്രഞ്ച് ടാബ്ലോയിഡ് ആണ് പുറത്തു വിട്ടത്.
ട്രംപ് അന്നു പറഞ്ഞു: "കേറ്റ് മിഡിൽട്ടൺ മിടുക്കിയാണ്. പക്ഷെ അവർ നഗ്നയായി സൂര്യപ്രകാശം ഏൽക്കാൻ ശ്രമിച്ചെങ്കിലും അത് അവരുടെ മാത്രം കുറ്റമാണ്. "കേറ്റ് നഗ്‌നയായി കുളിക്കാൻ നിന്നാൽ ആരാണ് ആ ചിത്രങ്ങളെടുത്തു ധാരാളം പണം വാരാൻ ശ്രമിക്കാതിരിക്കുക?"
'ദ കിംഗ്: ലൈഫ് ഓഫ് ചാൾസ് III' എന്ന പേരിൽ ക്രിസ്റ്റഫർ ആൻഡേഴ്സൺ എഴുതിയ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ 'ന്യൂസ്‌വീക്' വാരികയാണു പ്രസിദ്ധീകരിച്ചത്. ട്രംപിന്റെ അഭിപ്രായങ്ങളെ തുടർന്നു ക്ലാരൻസ് ഹൗസിൽ അശ്ലീല പെരുമഴ പെയ്തെന്നു പറയുന്നത് അവിടെ ബട്ട്ലർ ആയിരുന്ന ഒരാൾ.
വർഷങ്ങൾക്കു ശേഷം 2019 ൽ പ്രസിഡന്റ് ആയിരിക്കെ ട്രംപ് ഒരു ട്വീറ്റിൽ ചാൾസിനെ Prince of Wales എന്നതിനു പകരം Prince of Whales എന്നു വിളിച്ചു. ഒരു അക്ഷരത്തെറ്റിൽ അങ്ങിനെ ചാൾസ് തിമിംഗലങ്ങളുടെ രാജകുമാരനായി.
ഡയാന രാജകുമാരിയെ കുറിച്ച് പുസ്തകം എഴുതി ഏറ്റവുമധികം വിറ്റഴിഞ്ഞ ഗ്രന്ഥത്തിന്റെ രചയിതാവായ ആൻഡേഴ്സൻ ട്രംപിനെ ഉദ്ധരിച്ചു പറയുന്ന മറ്റൊരു കാര്യം അതിനേക്കാൾ ഞെട്ടിക്കുന്നതാണ്. ഡയാനയുമായി ലൈംഗിക ബന്ധം പുലർത്താൻ തനിക്കു കഴിയുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. "പക്ഷെ അതിനു ഡയാന (എയ്‌ഡ്‌സ് രോഗമില്ലെന്നു തെളിയിക്കുന്ന) എച് ഐ വി പരിശോധന നടത്തണമായിരുന്നു."
അന്നും ചാൾസ് രോഷം പൂണ്ടു എന്നു ആൻഡേഴ്സൺ എഴുതുന്നു. 2017 ൽ വിർജീനിയയിലെ ചാർലോട്ടസ്‌വില്ലയിൽ നടന്ന വെള്ളക്കാരുടെ റാലിയിൽ പങ്കെടുത്തവരെ ട്രംപ് പ്രകീർത്തിച്ചപ്പോൾ ചാൾസും വില്യമും ഹാരിയും യുഎസ് പ്രസിഡന്റിന്റെ നിർദിഷ്ട ബ്രിട്ടീഷ് സന്ദർശനം റദ്ദാക്കി കിട്ടാൻ ശ്രമിച്ചു. ചാൾസിന്റെ ചാരിറ്റികളിലേക്കു സംഭാവന നൽകുന്ന അമേരിക്കൻ പൗരന്മാരിൽ ഒട്ടേറെ ട്രംപ് അനുയായികൾ ഉണ്ടായിരുന്നു എന്നത് ആൻഡേഴ്സൺ ഓർമ്മിക്കുന്നു. അതു കൊണ്ട് ചാൾസിനു പരിമിതികൾ ഉണ്ടായിരുന്നു.
എലിസബത്ത് രാജ്ഞിയുടെ മരണം കഴിഞ്ഞു കൃത്യം രണ്ടു മസമാവുന്ന നവംബർ 8 നാണു പുസ്തകം പുറത്തു വരിക. ഹാരി രാജകുമാരനെ 'സ്പെയർ' എന്ന പുസ്തകം അതിനു പിന്നാലെ വരും --- ജനുവരി 10ന്. ബ്രിട്ടൻ ആകാംഷയോടെ കാത്തിരിക്കുന്ന പുസ്തകമാണത്.