ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം മലയാളം സ്കൂളില്‍ വിദ്യാരംഭത്തിന് തുടക്കമായി

author-image
athira kk
New Update

ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന മലയാളം സ്കൂളിലെ ഈ വര്‍ഷത്തെ പുതിയ ബാച്ചിന്‍റെ വിദ്യാരംഭ ചടങ്ങുകള്‍ ഒക്ടോബര്‍ 30ന് ഞായറാഴ്ച രാവിലെ 10 മണിമുതല്‍ സ്കൂള്‍ ഹാളില്‍ പൂര്‍വാധികം ഭംഗിയായി നടത്തി. കേരളത്തിന്‍റെ പരമ്പര്യ രീതിയില്‍, കത്തിച്ചുവെച്ച നിലവിളക്കിനു മുന്‍പില്‍ മാതാപിതാക്കള്‍ കുട്ടികളെക്കൊണ്ട് അരിയില്‍ ഹരിശ്രീ എഴുതിച്ചാണ് മലയാളത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Advertisment

publive-image

ഏകദേശം 40 വര്‍ഷങ്ങള്‍ക്കു മുന്‍പ്, പുതിയ തലമുറയെ ഭാഷയെയും നാടിനേയും പരിചയപ്പെടുത്തി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം തുടങ്ങിയ മലയാളം സ്കൂള്‍ ചിട്ടയോടെ നടക്കുന്നതില്‍ സമാജം ഭാരവാഹികളും സ്കുള്‍ രക്ഷകര്‍ത്തൃ സമിതിയും സംതൃപ്തി രേഖപ്പെടുത്തി. അധ്യാപിക അബില മാങ്കുളത്തിന്‍റെ നേതൃത്വത്തില്‍ നാല് ബാച്ചകളിലായി 30 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. കൊറോണ കാലത്ത് ഒരു ദിവസം പോലും മുടക്കമില്ലാതെ ഓണ്‍ലൈനായി ക്ളാസുകള്‍ നടത്തിക്കൊണ്ട് പോകുവാന്‍ സാധിച്ചത് എല്ലാവര്ക്കും സൗകര്യത്തോടൊപ്പം പ്രചോദനവുമായി. കൊറോണ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിന് അനുസൃതമായി പതിവ് രീതിയില്‍ കുട്ടികള്‍ ക്ളാസിലിരുന്നുള്ള മുഖാമുഖം പഠനത്തിലേക്ക് പൂര്‍ണമായും ക്ളാസ്സുകള്‍ മാറ്റുമെന്നും സമാജം പ്രതിനിധികള്‍ അറിയിച്ചു.

ചടങ്ങില്‍ മലയാളം സ്കൂള്‍ രക്ഷകര്‍ത്തൃസമിതി പ്രതിനിധിയും കേരള സമാജം സെക്രട്ടറിയുമായ ഹരീഷ് പിള്ള സ്വാഗതം പറഞ്ഞു. അധ്യാപിക അബില മാങ്കുളം പാഠ്യപദ്ധതിയും സമയക്രമവും വിശദീകരിച്ചു. കേരള സമാജം പ്രസിഡന്‍റ്റ് ബോബി ജോസഫ് വാടപ്പറമ്പില്‍ സ്കൂളിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആശംസകള്‍ അര്‍പ്പിച്ചു. പുതിയ ബാച്ചിലെ കുട്ടികളെയും മാതാപിതാക്കളെയും സ്കൂളിന്റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ച മലയാളം സ്കൂള്‍ ട്രഷറര്‍ ഡിപിന്‍ പോള്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ക്ളാസ്സുകളും പ്രവര്‍ത്തനനിരതമായി.

Advertisment