ബ്രസല്‍സ് : വിന്റര്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ ഉയര്‍ന്ന പണപ്പെരുപ്പവും ഊര്‍ജപ്രതിസന്ധിയെ സംബന്ധിച്ച വര്‍ധിച്ച ആശങ്കകളും യൂറോ സോണിലെ സാമ്പത്തികമാന്ദ്യത്തിന്റെ ആഴവും വേഗതയും കൂട്ടുന്നു. യൂറോ സോണിലെ ഒക്ടോബറിലെ വ്യാപാര പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ കുറവുണ്ടായതായി കണക്കുകള്‍ പറയുന്നു.2020നു ശേഷമുള്ള ഏറ്റവും വലിയ കുറവാണിതെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
എസ് ആന്റ് പി ഗ്ലോബലിന്റെ യൂറോ സോണിന്റെ പി എം ഐ( Purchasing Managers’ Index (PMI) ) സെപ്റ്റംബറിലെ 48.1ല്‍ നിന്ന് ഒക്ടോബറില്‍ 47.3 ആയി കുറഞ്ഞു. വിഭാവനം ചെയ്ത 47.1ന് മുകളിലാണെങ്കിലും 23 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നത് ആശങ്കയുളവാക്കുന്നതാണ്. 50ല്‍ താഴെയുള്ള നിരക്ക് അപായത്തെ സൂചിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തുന്നത്.
കുതിയ്ക്കുന്ന പണപ്പെരുപ്പം
യൂറോ കറന്‍സി ഉപയോഗിക്കുന്ന 19 രാജ്യങ്ങളിലെ പണപ്പെരുപ്പം കഴിഞ്ഞ മാസം പ്രതീക്ഷിച്ചതിലും കൂടുതലാണ്. 10.7% മാണിത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വിഭാവനം ചെയ്തതിനേക്കാള്‍ അഞ്ചിരട്ടിയിലധികമാണിത്.ഇതിനെ നേരിടാന്‍ പലിശനിരക്ക് വീണ്ടു വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഇസി ബിയെന്നാണ് സൂചന.ഇത് മോര്‍ട്ട്‌ഗേജുടമകളടക്കമുളള സാധാരണക്കാരെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്.
ലോക രാജ്യങ്ങളുമായി ഒത്തുനോക്കുമ്പോള്‍ പലിശനിരക്കുകള്‍ ഉയര്‍ത്താതെ അവസാനം വരെയും പിടിച്ചുനിന്നത് ഇ സി ബിയായിരുന്നു. എന്നാല്‍ ഊര്‍ജ്ജ പ്രതിസന്ധിയെ തുടര്‍ന്നുള്ള അമിതച്ചെലവുകളും മറ്റും പ്രതിസന്ധി തീര്‍ത്തതോടെ പ്രശ്‌നപരിഹാരത്തിനായി ജൂലൈയില്‍ പലിശ നിരക്കുയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.വര്‍ഷാ
ജര്‍മ്മനിയും ഫ്രാന്‍സുമടക്കം പ്രശ്‌നത്തില്‍
വിദേശ ആവശ്യം ഇടിഞ്ഞതോടെ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജര്‍മ്മന്‍ വ്യാവസായ മേഖലയും മാന്ദ്യത്തിന്റെ പിടിയിലായി.ജര്‍മ്മന്‍ വ്യവസായ മേഖല സെപ്തംബറില്‍ പ്രതീക്ഷിച്ചതിലും വളരെയേറെ ഇടിവുണ്ടായി.
യൂറോസോണിലെ രണ്ടാമനായ ഫ്രാന്‍സിലും സെപ്തംബറില്‍ വ്യാവസായിക ഉല്‍പ്പാദനം കുറഞ്ഞുവെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു.സര്‍വ്വീസ് മേഖലയുടെ വളര്‍ച്ച ഒക്ടോബറില്‍ വിഭാവനം ചെയ്തതിലും കുറവായിരുന്നുവെന്ന് പി എം ഐ പറയുന്നു.സ്‌പെയിനിന്റെ സര്‍വ്വീസ് മേഖലയും ഒക്ടോബറില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇടിഞ്ഞു. പണപ്പെരുപ്പവും കുതിപ്പ് തുടരുകയാണ്.