റോം: പുരുഷ മേധാവിത്വം മനുഷ്യരാശിക്കു നാശമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ത്രീകളുടെ ജനനേന്ദ്രിയം മുറിക്കുന്ന സമ്പ്രദായം കുറ്റകരമാണെന്നും, അത് എത്രയും വേഗം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
/sathyam/media/post_attachments/X2FnkRLfbUZVIlgEVI82.jpg)
ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടനുസരിച്ച് സ്ത്രീ ജനനേന്ദ്രിയ ഛേദം (എഫ്.ജി.എം) ആഫ്രിക്കയിലും മധ്യപൂര്‍വേഷ്യയിലും ഉള്‍പ്പെടെ 30 രാജ്യങ്ങളില്‍ നടത്തുന്നുണ്ട്. നാല് ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ ഈ വര്‍ഷം ഇതിനു വിധേയരായിട്ടുണ്ടെന്ന് യു.എന്‍ പറയുന്നു.
സ്ത്രീകള്‍ ദൈവത്തിന്‍റെ വരദാനമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അവന് കൂട്ടായി ഒരു നായക്കുട്ടിയെയല്ല നല്‍കിയത്. ഇരുവരെയും തുല്യരായാണ് സൃഷ്ടിച്ചത്. സ്ത്രീകളുടെ സാന്നിധ്യമില്ലാതെ ഒരു സമൂഹം മുന്നോട്ടു പോകില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ഒരു തുടര്‍ച്ചയാണെന്നും മാര്‍പാപ്പ.
വത്തിക്കാന്‍ സിറ്റിയുടെ ഡെപ്യൂട്ടി ഗവര്‍ണറായി പ്രവര്‍ത്തിക്കുന്നത് സിസ്ററര്‍ റാഫേല്ല പെട്രിനി എന്ന കന്യാസ്ത്രീയാണെന്ന് മാര്‍പ്പാപ പറഞ്ഞു. സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കുന്തോറും കാര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ടെന്നും മാര്‍പാപ്പ. വിദേശകാര്യ സഹമന്ത്രി, വത്തിക്കാന്‍ മ്യൂസിയം ഡയറക്ടര്‍, വത്തിക്കാന്‍ പ്രസ് ഓഫിസിന്റെ ഡെപ്യൂട്ടി തലവന്‍, ബിഷപ്പുമാരുടെ സിനഡില്‍ കൗണ്‍സിലര്‍മാര്‍ എന്നിങ്ങനെയെല്ലാം വനിതകളെ മാര്‍പ്പാപ്പ നിയമിച്ചിട്ടുണ്ട്.
അതേസമയം, സ്ത്രീകളുടെ പൗരോഹിത്യത്തെക്കുറിച്ചുള്ള നിലപാട് മാറ്റാന്‍ അദ്ദേഹം തയാറായില്ല. പുരുഷന്മാര്‍ക്ക് മാത്രമേ പൗരോഹിത്യം സ്വീകരിക്കാന്‍ കഴിയൂ എന്ന് സഭ പഠിപ്പിക്കുന്നു. എന്നാല്‍ യേശു തന്റെ അപ്പോസ്തലന്മാരായി തെരഞ്ഞെടുത്തത് മനുഷ്യനെയാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു.