ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ഋഷി സുനാകിനു മേല്‍ കടുത്ത സമ്മര്‍ദം. സുനാകിന്റെ വിശ്വസ്തനും മന്ത്രിസഭയിലെ വകുപ്പില്ലാ അംഗവുമായിരുന്ന സര്‍ ഗവിന്‍ വില്യംസണ്‍ രാജിവച്ചതിനെത്തുടര്‍ന്നാണിത്.
ഈ വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവന്നിടടുണ്ട്. സംഭവം ഈയാഴ്ച നടക്കുന്ന പാര്‍ലമെന്റ് യോഗത്തില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് കീര്‍ സ്ററാര്‍മര്‍ പറഞ്ഞു.
മോശം പെരുമാറ്റത്തിന്റെ പേരില്‍ അന്വേഷണം നടക്കാനിരിക്കെയാണ് വില്യസണിന്റെ രാജി. സഹപ്രവര്‍ത്തകരെ അപമാനിച്ചുവെന്നും ജീവനക്കാരോട് മോശം ഭാഷയില്‍ സംസാരിച്ചെന്നും അവരെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങളാണ് വില്യംസണ്‍ നേരിടുന്നത്.
അദ്ദേഹത്തിനെതിരേ ഇത്തരം പരാതികള്‍ ഉയരുന്നത് ഇതാദ്യമല്ല. വില്യംസണ്‍ പ്രതിരോധ മന്ത്രിയായിരിക്കെ, തന്റെ കഴുത്തു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും വെളിപ്പെടുത്തി.
അതേസമയം, ഈ വിഷയത്തില്‍ വില്യംസനെ ന്യായീകരിക്കാന്‍ സുനാക് ശ്രമിച്ചിട്ടില്ല. ഇതോടെയാണ് രാജി അനിവാര്യമായി മാറിയത്. ഇത് മൂന്നാം തവണയാണ് വില്യംസണ്‍ മന്ത്രിക്കസേരകളില്‍ നിന്ന് പുറത്താകുന്നത്. തെരേസ മേ മന്ത്രിസഭയിലാണ് അദ്ദേഹം പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്.