ഡബ്ലിന്‍ : ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് 250 ഓളം ആളുകളുമായി ന്യൂജേര്‍ഴിയിലേയ്ക്ക് പോയ എമിറേറ്റ്‌സ് വിമാനം, ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ ഏഥന്‍സിലിറങ്ങി. രണ്ട് എഫ്-16 ഗ്രീക്ക് എയര്‍ഫോഴ്സ് ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് വിമാനം ഏഥന്‍സിലെ എലിഫ്തീരിയോസ് വെനിസെലോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരികെ ഇറക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് പറഞ്ഞു. സംശയാസ്പദമായ ഒരാള്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്നാണ് വിവരം.
ഇറ്റലിയും ഫ്രാന്‍സും വിമാനം ലാന്‍ഡിംഗ് നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു.
ഫ്ളൈറ്റ് ഇ കെ 210 ടേക്ക് ഓഫ് ചെയ്ത് 45 മിനിറ്റിന് ശേഷം രാത്രി 10നാണ് ലാന്‍ഡ് ചെയ്തത്.വിമാനത്തില്‍ തിരച്ചില്‍ തുടരുകയാണെന്ന് വക്താവ് പറഞ്ഞു.228 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനത്തില്‍ സംശയാസ്പദമായ ഒരാളുണ്ടെന്ന് യുഎസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായി ഗ്രീക്ക് ബ്രോഡ്കാസ്റ്റിംഗ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തേ ദുബായിലേക്കുള്ള മറ്റൊരു എമിറേറ്റ്സ് വിമാനവും എലിഫ്തീരിയോസ് വെനിസെലോസില്‍ നിന്ന് പുറപ്പെടുന്നത് തടഞ്ഞിരുന്നു. എല്ലാ യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ വൈകിയാണ് ഈ വിമാനം പുറപ്പെട്ടത്.