Advertisment

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നു

author-image
athira kk
New Update

വാഷിങ്ടണ്‍: യു.എസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ 2024ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള കരുനീക്കങ്ങള്‍ക്കും തുടക്കമായി. ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ജനപ്രതിനിധി സഭയില്‍ കഷ്ടിച്ച് ഭൂരിപക്ഷം ഉറപ്പാക്കിയെങ്കിലും ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വന്‍ മുന്നേറ്റം കണക്കുകൂട്ടലുകളെ മറികടക്കുന്നതായിരുന്നു.

publive-image

Advertisment

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള താത്പര്യം നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡന്‍ തുറന്നു പറഞ്ഞു കഴിഞ്ഞു. കുടുംബവുമായി ആലോചിച്ച് അടുത്ത വര്‍ഷത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അടുത്ത തെരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും ബൈഡന് 81 വയസാകുമെന്നതാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളികള്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന തടസവാദം.

ബൈഡനോടു മത്സരിച്ചു തോറ്റ ഡോണള്‍ഡ് ട്രംപ് അടുത്ത തവണയും മത്സരിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. യുഎസ് ചരിത്രത്തില്‍ തന്നെ പ്രസിഡന്റ് സ്ഥാനത്തിരിക്കെ മത്സരിച്ചു തോറ്റ ആദ്യ വ്യക്തിയാണ് ട്രംപ്.

പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്നാണ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ തീരുമാനിക്കപ്പെടുക. അതിനാല്‍, ബൈഡനും ട്രംപിനും വീണ്ടും നേര്‍ക്കുനേര്‍ മത്സരിക്കാന്‍ ആദ്യം പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പാക്കണം. ബൈഡന്‍ മത്സരിക്കാനില്ലെങ്കില്‍ നിലവിലുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകാന്‍ വലിയ സാധ്യതയാണുള്ളത്. വിജയിച്ചാല്‍ യു.എസ് പ്രസിഡന്റാകുന്ന ആദ്യ വനിത എന്ന സ്ഥാനവും അവര്‍ക്കു സ്വന്തമാകും. യു.എസിന്റെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയായും അവര്‍ മാറും.

സെനറ്റര്‍ റോണ്‍ ഡിസന്റിസാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു പ്രമുഖന്‍. കുടിയേറ്റം, എല്‍.ജി.ബി.ടി.ക്യുകളുടെ അവകാശം, കോവിഡ് കാലത്തെ നിയന്ത്രണം എന്നിവയില്‍ ഇദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ട്രംപിന്റെ സ്ഥാനാര്‍ഥിത്വ മോഹത്തിനു പ്രധാന വെല്ലുവിളിയാകാനിടയുള്ള നേതാവാണ് ഡിസന്റിസ്.

കാലിഫോര്‍ണിയ ഗവര്‍ണര്‍ കാവിന്‍ ന്യൂസം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നു മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന ആളാണ്. എന്നാല്‍, ബൈഡന്‍ മത്സരിക്കുന്നില്ലെങ്കില്‍ മാത്രമായിരിക്കും അദ്ദേഹം രംഗത്തിറങ്ങുക. കമല ഹാരിസിന് കടുത്ത വെല്ലുവിളിയായിരിക്കും ന്യൂസമിന്റെ സ്ഥാനാര്‍ഥിത്വ മോഹം.

മുന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, യു.എസ് കോണ്‍ഗ്രസ് അംഗം ലിസ് ചെനെ, ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്, ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്രട്ടറി പീറ്റ് ബട്ടിഗീങ്, മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വൈറ്റ്മര്‍ എന്നിവരും മത്സരരംഗത്തിറങ്ങാന്‍ കരുനീക്കം നടത്തുന്നവരാണ്.

Advertisment