ബ്രസല്‍സ് : ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട ഊര്‍ജ്ജ പ്രതിസന്ധിയും പണപ്പെരുപ്പം തുടങ്ങിയ വിവിധ കാരണങ്ങളും യൂറോപ്യന്‍ യൂണിയനെയും യൂറോ സോണിനെയും സാമ്പത്തിക മാന്ദ്യത്തിലാക്കുമെന്ന നിരീക്ഷണവുമായി യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. നാളുകളായി ഉയര്‍ന്നു വന്ന ഇത്തരം ആശങ്കകളെ അടിവരയിട്ടുറപ്പിക്കുന്നതാണ് യൂറോപ്യന്‍ കമ്മീഷന്റെ ശരത്കാല സാമ്പത്തിക പ്രവചനം.യുദ്ധത്തിന്റെ പ്രത്യാഘാതമെന്ന നിലയില്‍ ഈ വര്‍ഷത്തിന്റെ അവസാന പാദത്തോടെ യൂറോ സോണ്‍ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
യൂറോപ്പ് അസാധാരണമായ അനിശ്ചിതത്വമാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുദ്ധം മാറ്റമില്ലാതെ തുടരുന്നതിനാല്‍ 2023ലെ വിന്ററില്‍ ഗ്യാസ് ക്ഷാമം വലിയ ഭീഷണിയായേക്കും.യുദ്ധമുയര്‍ത്തുന്ന അനിശ്ചിതത്വം, ഉയരുന്ന ഊര്‍ജ്ജ വിലയുടെ സമ്മര്‍ദങ്ങള്‍, കുടുംബങ്ങളുടെ വാങ്ങല്‍ ശേഷിയിലുണ്ടാകുന്ന കുറവ്,ദുര്‍ബലമാകുന്ന ചുറ്റുപാടുകള്‍, കര്‍ശനമായ സാമ്പത്തിക വ്യവസ്ഥകള്‍ എന്നിവയൊക്കെയാകും ഈ പസാമ്പത്തിക പിന്‍ നടത്തത്തിന് കാരണമാകുകയെന്ന് കമ്മീഷന്‍ പറയുന്നു.
സാമ്പത്തിക വളര്‍ച്ച 0.3% മാത്രമാകും
അടുത്ത വര്‍ഷം മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച 0.3% മാത്രമാകും. ഇത് ഇയുവില്‍ മൊത്തത്തില്‍ 1.6%വും 2024ല്‍ യൂറോ സോണില്‍ 1.5%വുമായും ഉയരും.ഈ ഇരുട്ടിനിടയിലും 2021 മുതലുള്ള വളര്‍ച്ചയുടെ വേഗതയും 2022ന്റെ ആദ്യ പകുതിയിലെ ശക്തമായ വളര്‍ച്ചയും മൂലം ഇയുവില്‍ 3.3ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അടുത്ത വിന്റര്‍ കാലത്തുണ്ടാകുമെന്നു കരുതുന്ന ഗ്യാസ് വിപണിയിലെ പ്രതികൂലതകളും ക്ഷാമവുമാണ് ഏറ്റവും വലിയ സാമ്പത്തിക ഭീഷണിയാവുക.ഇത് മറ്റ് വിപണികളിലും കടുത്ത സമ്മര്‍ദ്ദമുണ്ടാകും.ഇതും യൂറോപ്യന്‍ യൂണിയനെയാകെ നേരിട്ടും അല്ലാതെയും ബാധിക്കും.പ്രവചിച്ചതിനേക്കാള്‍ കൂടിയ പണപ്പെരുപ്പവും ആഗോള സാമ്പത്തിക വിപണിയിലെ ഉയര്‍ന്ന പലിശ നിരക്കുമടക്കമുള്ള അസ്വസ്ഥതകളും അപകട ഭീഷണിയായി നിലകൊള്ളും.
സാമ്പത്തിക മാന്ദ്യവും അയര്‍ലണ്ടും
അയര്‍ലണ്ടിന്റെ ജി ഡി പി വളര്‍ച്ചയും കുറയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.വിഭാവനം ചെയ്ത 7.9%ല്‍ നിന്നും 2023ല്‍ 3.2%മായും 2024ല്‍ 3.1%ശതമാനമായും കുറയും.എന്നിരുന്നാലും മള്‍ട്ടിനാഷണല്‍ സെക്ടറിലെ കയറ്റുമതി രാജ്യത്തിന് തുണയാകുമെന്നും സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യ പ്രേരകശക്തിയായി ഇത് വര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.അയര്‍ലണ്ടില്‍ പണപ്പെരുപ്പം ഈ വര്‍ഷം 2022ല്‍ 8.3% ആകുമെന്ന് പ്രതീക്ഷിക്കുന്നു. 2023ല്‍ അത് 6%വും 2024ല്‍ 2.8%വുമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഉയര്‍ന്ന ഊര്‍ജ വിലയാണ് അയര്‍ലണ്ടില്‍ പണപ്പെരുപ്പത്തിന് പ്രധാനമായും വഴി തെളിക്കുക. കഴിഞ്ഞ മാസങ്ങളായി ഭക്ഷ്യ വിലയും ഗണ്യമായി വര്‍ധിക്കുകയാണ്.ഐറിഷ് സമ്പദ് വ്യവസ്ഥയിലെ ബഹുരാഷ്ട്ര കമ്പനികളുടെ ശക്തമായ സാന്നിധ്യം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അസ്ഥിരതയ്ക്ക് കാരണമാകുന്നത് തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.ഇപ്പോഴത്തെ ഉയര്‍ന്ന കോര്‍പ്പറേറ്റ് നികുതികള്‍ താല്‍ക്കാലികമായിരിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതുവഴി രാജ്യത്തിന്റെ സാമ്പത്തിക മേഖല താഴേയ്ക്കെത്തുന്നതിനും സാധ്യതയുണ്ട്.
യൂറോപ്യന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത് മൂലം പണപ്പെരുപ്പം കുടുംബങ്ങളുടെ ഡിസ്പോസിബിള്‍ വരുമാനത്തില്‍ കുറവുണ്ടാക്കും. ഈ കുറവ് 2023ന്റെ ആദ്യ പാദത്തിലും തുടരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.