ലണ്ടന്‍ : യു.കെയില്‍ എന്‍ എച്ച് എസ് നഴ്സുമാര്‍ക്ക് മുന്നില്‍ പണിമുടക്കല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന നിലയിലേയ്ക്കെത്തുകയാണ് കാര്യങ്ങള്‍. നഴ്സുമാര്‍ ആവശ്യപ്പെട്ട 17% ശമ്പള വര്‍ധന അനുവദിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയതോടെയാണ് യു കെയില്‍ സമരം ഉറപ്പാകുന്നത്. ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ച് ദീര്‍ഘനാളുകളായി തുടരുന്ന തര്‍ക്കത്തിനൊടുവിലാണ് നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നത്.
/sathyam/media/post_attachments/Pc1zPJMec2q2OBm1sTu9.jpg)
യു കെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമ്പന്നനായ പ്രധാനമന്ത്രിയായ സുനകിന് ഭക്ഷണത്തിന് ഫുഡ് ബാങ്കിനെ ആശ്രയിക്കേണ്ടി വരുന്ന നഴ്സുമാരുടെ വേദനകള്‍ മനസ്സിലാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. സുനകിനും ഭാര്യ അക്ഷതാ മൂര്‍ത്തിക്കുമായി 730 മില്യണ്‍ പൗണ്ടിന്റെ ആസ്തിയാണുള്ളത്.രാജ കുടുംബത്തിന്റെ ഇരട്ടിയിലധികം സ്വത്താണിത്.
എന്‍ എച്ച് എസ് തൊഴിലാളികളെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് സമരത്തിന് നിര്‍ബന്ധിതമാക്കുന്ന സര്‍ക്കാര്‍ നിലപാട് വെളിപ്പെടുത്തിയത്.ബാലിയില്‍ ജി 20 ഉച്ചകോടിയ്ക്കെത്തിയതായിരുന്നു സുനക് .
ചുമ്മാ ശമ്പളം കൂട്ടാനാവില്ല
എന്‍ എച്ച് എസ് നഴ്‌സുമാര്‍ കനത്ത ശമ്പള വര്‍ധനവാണ് ആവശ്യപ്പെടുന്നതെന്നും അത് സര്‍ക്കാരിന് താങ്ങാനാവുന്നതല്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.തീര്‍ച്ചയായും ആളുകള്‍ ബുദ്ധിമുട്ടിലാണെന്നറിയാം.എന്നിരുന്നാലും ശമ്പള സെറ്റില്‍മെന്റ് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ സ്വതന്ത്ര ബോഡി ഉണ്ട്.അവരുടെ ശുപാര്‍ശയേ നടപ്പാക്കാനാകൂ.ആത്യന്തികമായി പണം നല്‍കുന്നത് നികുതിദായകരാണ്.അവരും വര്‍ദ്ധിച്ചുവരുന്ന ബില്ലുകള്‍ മൂലം പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ശമ്പള വര്‍ധനവ് സംബന്ധിച്ച് അതത് തൊഴിലുടമകളുമായി സര്‍ക്കാര്‍ സംഭാഷണം നടത്തും.
ഫുഡ്ബാങ്കുകള്‍ ദുരന്തമാണ്
ആളുകള്‍ ഫുഡ്ബാങ്കുകള്‍ ഉപയോഗിക്കേണ്ടിവരുന്നത് ദുരന്തമാണെന്ന് കരുതുന്നതായി ഇതു സംബന്ധിച്ച ചോദ്യത്തിന് സുനക് മറുപടി നല്‍കി. .ആരും ഫുഡ്ബാങ്കിനെ ആശ്രയിക്കാത്ത ഒരു അവസ്ഥയാണുണ്ടാകേണ്ടത്.നാലിലൊന്ന് ആശുപത്രികളും ജീവനക്കാര്‍ക്കായി ഫുഡ്ബാങ്കുകള്‍ തുറന്നിരുന്നു.ഇത് ലജ്ജാകരമല്ലേ എന്നായിരുന്നു ചോദ്യം.
സാധാരണ കുടുംബങ്ങളെപ്പോലെ പൊതു ആരോഗ്യ സംവിധാനത്തെയാണോ താന്‍ ആശ്രയിക്കുന്നത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഋഷി സുനക് പറഞ്ഞു.തനിക്കോ കുടുംബത്തിനോ ലഭിക്കുന്ന ആരോഗ്യ പരിരക്ഷയെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.