ബ്രസല്‍സ് : അഭയാര്‍ഥി പ്രവാഹം ഇറ്റലിയടക്കമുള്ള നാല് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് തലവേദനയാകുന്നു. ഇതേ തുടര്‍ന്ന് അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ നിലപാട് കര്‍ശനമാക്കി ഇറ്റലി, ഗ്രീസ്, മാള്‍ട്ട, സൈപ്രസ് എന്നീ രാജ്യങ്ങള്‍ രംഗത്തുവന്നു. അനധികൃത കുടിയേറ്റക്കാരുടെ യൂറോപ്യന്‍ ലാന്റിംഗ് സ്പോട്ടുകളാകാനില്ലെന്ന് സംയുക്ത പ്രസ്താവനയില്‍ ഇവര്‍ വ്യക്തമാക്കി.അഭയം തേടുന്നവരെ സംയുക്തമായി സഹായിക്കുന്നതിനുള്ള യൂറോപ്പുമായുള്ള കരാറിനെയും ഇവര്‍ ചോദ്യം ചെയ്യുന്നു.
യൂറോപ്യന്‍ ലാന്റിംഗ് സ്പോട്ടുകളായ രാജ്യങ്ങള്‍ മാത്രമാണ് അനധികൃത കുടിയേറ്റക്കാരുടെ അഭയകേന്ദ്രങ്ങളെന്ന ധാരണ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രസ്താവന പറയുന്നു.”യഥാര്‍ഥത്തിലെത്തുന്നതിന്റെ വളരെ ചെറിയൊരു ഭാഗം അഭയാര്‍ഥികള്‍ മാത്രമേ മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെത്തുന്നുള്ളു”.
കടലില്‍ നിന്നും നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തുന്നതിന് യോഗ്യതയുള്ളവരെന്ന നിലയില്‍ വിവിധ രാജ്യങ്ങളുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചാരിറ്റി കപ്പലുകളുടെ റോളിനെയും ഈ രാജ്യങ്ങള്‍ വിമര്‍ശിച്ചു.
മധ്യ മെഡിറ്ററേനിയന്‍ കടലില്‍ നിന്നും കുടിയേറ്റക്കാരെ രക്ഷിക്കുന്ന ചാരിറ്റി ഗ്രൂപ്പുകളുടെ കപ്പലുകള്‍ക്ക് ഇറ്റലിയിലെ പുതിയ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഏജന്‍സികള്‍ രക്ഷപ്പെടുത്തുന്ന അഭയാര്‍ഥികളെ സ്വീകരിക്കേണ്ടത് ഇറ്റലിയല്ല.ഈ കപ്പലുകള്‍ ഏതു രാജ്യത്തെയാണോ അവര്‍ക്കും ഇക്കാര്യത്തില്‍ ബാധ്യതയുണ്ടെന്നും ഇറ്റലി പറഞ്ഞു.
കഴിഞ്ഞ ദിവസം കുടിയേറ്റക്കാരുമായി വന്ന മൂന്നു കപ്പലുകള്‍ക്ക് ഇറ്റലി പ്രവേശനാനുമതി നല്‍കിയില്ല.പിന്നീട് കപ്പലുകളെ തെക്കന്‍ ഇറ്റലിയിലെ തുറമുഖങ്ങളിലേക്ക് എത്താന്‍ ഇറ്റലി അനുവദിച്ചു.എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവരും ആരോഗ്യപ്രശ്നങ്ങളുള്ളവരെ മാത്രമേ അവിടെ ഇറങ്ങാന്‍ ആദ്യം അനുവദിച്ചുള്ളു. പിന്നീടാണ് എല്ലാവര്‍ക്കും ഇറ്റലിയിലേക്ക് പ്രവേശനം നല്‍കിയത്. എന്നാല്‍ പിന്നീടെത്തിയ ഓഷ്യന്‍ വൈക്കിംഗ് എന്ന കപ്പലിന് ഇറ്റലി പ്രവേശനനാുമതി നല്‍കിയില്ല. ഏതാണ്ട് മൂന്നാഴ്ച കടലില്‍ തങ്ങിയ കപ്പല്‍ ഫ്രാന്‍സിലേക്ക് നീങ്ങി. ഒടുവില്‍ വെള്ളിയാഴ്ച ടൗലോണ്‍ തുറമുഖത്ത് അഭയാര്‍ഥികളെ ഇറക്കി.ഇത് നയതന്ത്ര തര്‍ക്കത്തിനും വഴിതെളിച്ചു.
ഇതിനെതിരെ ഫ്രാന്‍സ് സര്‍ക്കാര്‍ രംഗത്തുവന്നു.ഗ്രീസ്, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹം കുറയ്ക്കുന്നതിന് ജൂണില്‍ അംഗീകരിച്ച സോളിഡാരിറ്റി മെക്കാനിസത്തില്‍ നിന്ന് പിന്മാറുകയാണെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാര്‍ഡ് ഡാര്‍മനിന്‍ പ്രഖ്യാപിച്ചു.