ഡബ്ലിന്‍ : പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തിലും ക്രിസ്മസ് കാലത്ത് ടര്‍ക്കിക്കോഴിയിറച്ചിക്ക് നിയന്ത്രണമുണ്ടാകില്ലെന്ന് സര്‍ക്കാര്‍. മോനഗനിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി പടര്‍ന്ന സാഹചര്യത്തിലാണ് കൃഷിമന്ത്രി ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു.
/sathyam/media/post_attachments/nBpvK2bm8i29nfQKqNbe.jpg)
പക്ഷിപ്പനി വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ സജീവമായി തുടരുകയാണ്.രോഗബാധയുണ്ടായ ഫാമിലെ 3,000 ടര്‍ക്കികളെ കൊന്നൊടുക്കും. കൊന്ന ശേഷം പരിസരമാകെ വൃത്തിയാക്കി അണുവിമുക്തമാക്കും.അങ്ങനെ അണുബാധ വ്യാപിക്കില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.കൂടാതെ രോഗബാധിത പ്രദേശത്തിന് ചുറ്റുമുള്ള മേഖലകളില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതിനാല്‍ ഇതൊന്നും ടര്‍ക്കി വിതരണത്തെ ബാധിക്കില്ലെന്നാണ് വിശ്വാസമെന്ന് കൃഷി മന്ത്രി ചാര്‍ലി മക്കോണലോഗ് പറഞ്ഞു.
കര്‍ശന നിയന്ത്രണങ്ങള്‍
അതിര്‍ത്തിയോട് ചേര്‍ന്നുള്ള കോഴി ഫാമിന് ചുറ്റുമുള്ള മേഖലകളില്‍ 30 ദിവസത്തെ നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും പൂര്‍വ്വാ സ്ഥിതിയിലേയ്ക്കെത്തണമെങ്കില്‍ ഏറെ നാള്‍ വേണ്ടി വരുമെന്നാണ് കരുതുന്നത്.രോഗബാധിതമായ ഫാമിന് ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ സംരക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇറച്ചിയുടെയും മുട്ടയുള്‍പ്പെടെയുള്ള കോഴിയുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഇടപാടുകള്‍ക്ക് കൃഷി വകുപ്പിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മൂന്നു കിലോമീറ്ററുള്‍പ്പെട്ട സോണിലും 10കി.മീറ്ററിലെ നിരീക്ഷണ മേഖലയിലും പക്ഷിപ്പനി പരിശോധനയ്ക്കായി കോഴികളുടെ സാമ്പിള്‍ ശേഖരിക്കും.പക്ഷികളെ അടച്ചിടുക, ഫാമുകളിലേക്ക് പ്രവേശനം നിയന്ത്രിക്കുക, അണുവിമുക്തമാക്കുക എന്നിങ്ങനെയുള്ള പൊതുവായ മുന്‍കരുതലുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കൃഷി വകുപ്പുദ്യോഗസ്ഥരും സമാനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും.
അണുബാധ ജൂലൈ മുതല്‍
ജൂലൈ മുതല്‍ കാട്ടുപക്ഷികള്‍ക്കിടയില്‍ വൈറസ് വ്യാപിക്കുകയാണെന്ന് കൃഷി, ഭക്ഷ്യ, മറൈന്‍ വകുപ്പിലെ ഡെപ്യൂട്ടി ചീഫ് വെറ്ററിനറി ഓഫീസര്‍ പറഞ്ഞു.ഈ വര്‍ഷം അണുബാധ കൂടുതലാണെന്ന് ഡോ ജൂണ്‍ ഫാനിംഗ് പറഞ്ഞു. ഫാമുടമകള്‍ക്ക് വളരെ ആശങ്ക നല്‍കുന്ന കാര്യമാണിതെന്നും ഇദ്ദേഹം പറഞ്ഞു.നിയന്ത്രണങ്ങള്‍ പരമാവധി പാലിക്കുന്നതില്‍ ഫാമുടമകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഡോ. ഫാനിംഗ് പറഞ്ഞു.കര്‍ഷകരുടെ ദൈനംദിന ആശങ്കയായി പക്ഷിപ്പനി മാറിയെന്ന് ഐഎഫ്എയുടെ പൗള്‍ട്രി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.