ഡബ്ലിന്‍ : ഡബ്ലിനില്‍ ഓള്‍ഡ് ഇ എസ് ബി കെട്ടിടത്തെ അപ്രതീക്ഷിതമായി അഭയാര്‍ഥി കേന്ദ്രമാക്കി മാറ്റിയതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍.ഡബ്ലിനിലെ ഈസ്റ്റ് വാളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ നൂറുകണക്കിന് ആളുകള്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തി.
യാതോരു കൂടിയാലോചനയും നടത്താതെയാണ് അഭയാര്‍ഥികളെ ഇവിടെ താമസിപ്പിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.ഇവരിലേറെയും പുരുഷന്മാരാണ്. യുദ്ധത്തെ തുടര്‍ന്നുള്ള അഭയാര്‍ഥികളല്ല ഇവരെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി.
ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് പ്രതിഷേധവുമായി ജനങ്ങളിറങ്ങിയത്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചു കൂടിയതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്.. ഗാര്‍ഡ സ്ഥലത്തെത്തിയെങ്കിലും കാര്യമായ ഇടപെടലിനൊന്നും മുതിര്‍ന്നില്ല.ഇതിനിടെ പ്ലാസ്റ്റിക് സഞ്ചികളും ലഗേജുകളുമായെത്തിയ നാല് പേര്‍ കെട്ടിടത്തിനകത്തേക്ക് പോയി.ഇവര്‍ക്കെതിരെ ആള്‍ക്കൂട്ടം ബഹളം വെച്ചു.
ഡബ്ലിന്‍ നോര്‍ത്ത് ഇന്നര്‍ സിറ്റിയിലെ സ്വതന്ത്ര കൗണ്‍സിലര്‍ നിയല്‍ റിംഗിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രദേശവാസികളുമായി കൂടിയാലോചന നടത്താത്തതാണ് പ്രശ്നമെന്ന് നിയല്‍ റിംഗ് പറഞ്ഞു.അഭയാര്‍ഥികള്‍ അയര്‍ലണ്ടിലേക്ക് അടുത്തിടെ വന്നവരല്ലെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അവരെ ഡബ്ലിനിലേക്ക് മാറ്റിയതാണെന്നും കൗണ്‍സിലര്‍ ആരോപിച്ചു.
യുദ്ധത്തെ തുടര്‍ന്നെത്തുന്നവരോട് ഇവിടെയുള്ളവര്‍ക്ക് പ്രശ്നമില്ല. എന്നാല്‍ ഇവിടെ അതല്ല സംഭവിക്കുന്നത്.മറ്റിടങ്ങളിലെ അഭയാര്‍ഥികളെ ഇവിടേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്.ആരെയൊക്കെയാണ് ഈ പ്രദേശത്തേക്ക് മാറ്റുന്നതെന്ന് ഇവിടെയുള്ളവരെ അറിയിക്കാനുള്ള മര്യാദ പോലും സര്‍ക്കാര്‍ കാട്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേ സമയം,മുന്‍ ഇ എസ് ബി സെറ്റിലെ സംഭവ വികാസങ്ങള്‍ സര്‍ക്കാര്‍ പ്രാദേശിക ജനപ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ ജാനറ്റ് ഹോര്‍ണര്‍ വിശദീകരിച്ചു.ഡിപ്പാര്‍ട്ട്‌മെന്റ് അടുത്ത ആഴ്ച പ്രദേശവാസികള്‍ക്കും ഇതുമായി ബന്ധപ്പെട്ട ലഘുലേഖ വിതരണം ചെയ്യുമെന്നും ഇവര്‍ പറഞ്ഞു.
സര്‍ക്കാര്‍ വിശദീകരണം :
അയര്‍ലണ്ടിലെത്തുന്ന അഭയാര്‍ഥികള്‍ വലിയ സമ്മര്‍ദ്ദമാണ് സര്‍ക്കാരിനുണ്ടാക്കുന്നതെന്ന് ഇക്വാളിറ്റി വകുപ്പ് വിശദീകരിച്ചു.ഉക്രൈയിന്‍കാരുടെയും അന്താരാഷ്ട്ര അഭയാര്‍ഥികളുടെ എണ്ണവും വര്‍ധിക്കുകയാണ് .ഡിസംബറോടെ 15,000 അഭയാര്‍ഥികളെ കൂടുതലായി ഇവിടെ പാര്‍പ്പിക്കേണ്ടി വരും. ഇവര്‍ക്ക് താമസസ്ഥലം കണ്ടെത്തുന്നത് ശ്രമകരമാണ്. അതിനാലാണ് ഈസ്റ്റ് വാള്‍ റോഡിലെ മുന്‍ ഇ എസ് ബി ഓഫീസ് കെട്ടിടം വിട്ടു നല്‍കിയത്.
ഗേറ്റ്വേ ഇന്റഗ്രേഷന്‍ ലിമിറ്റഡാകും അടുത്ത 12 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുക.ഇത്തരത്തില്‍ അയര്‍ലണ്ടിലുടനീളം എമര്‍ജന്‍സി സെന്ററുകള്‍ തുറന്നിട്ടുണ്ടെന്ന് വകുപ്പ് പറഞ്ഞു.ജനുവരി മുതല്‍ 13 കൗണ്ടികളിലായി 40ലധികം താമസ സ്ഥലങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ഡബ്ലിനില്‍, ഡബ്ലിന്‍ 6, ഡബ്ലിന്‍ 11, ഡബ്ലിന്‍ 14, ഡബ്ലിന്‍ 22, സൗത്ത് കൗണ്ടി ഡബ്ലിന്‍ എന്നിവിടങ്ങളിലും ഇത്തരം സൈറ്റുകള്‍ നിലവിലുണ്ടെന്നും വകുപ്പ് പറഞ്ഞു.