ഡബ്ലിന്‍ : ഡബ്ലിനില്‍ വനിതയുള്‍പ്പടെ രണ്ട് ഗാര്‍ഡകളെ ആക്രമിച്ച സംഭവത്തില്‍ നാലാമത്തെയാളെയും അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം ഡബ്ലിനിലെ ബാലിഫെര്‍മോട്ടിലെ പബ്ബിന് സമീപമാണ് പുരുഷ-വനിതാ ഗാര്‍ഡകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഇവര്‍ ചികില്‍സയ്ക്ക് ശേഷം ആശുപത്രിവിട്ടു. നേരത്തേ 50വയസ്സുള്ള സ്ത്രീയെയും പുരുഷനെയും 30കാരനെയും അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീയെ അറസ്റ്റിന് ശേഷം വിട്ടയച്ചിരുന്നു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.സംഭവവുമായി ബന്ധപ്പെട്ട് 40കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് ഗാര്‍ഡ പറഞ്ഞു.
ആക്രമണത്തില്‍ പുരുഷ ഗാര്‍ഡയ്ക്ക് ക്രൂര മര്‍ദ്ദനമാണേറ്റത്. തല്ലി നിലത്തിട്ട ശേഷം ചവിട്ടുകയും ഇടിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച വനിതാ ഗാര്‍ഡയെ മുടിക്കുത്തിന് പിടിച്ച് വലിച്ചെറിഞ്ഞു. റസ്പോണ്‍സ് ,സായുധ ഗാര്‍ഡ യൂണിറ്റുകളെത്തിയാണ് മൂവരേയും അറസ്റ്റു ചെയ്തത്.
ആക്രമണ രംഗങ്ങള്‍ ചിത്രീകരിച്ച ആക്രമികള്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തു.ഗാര്‍ഡയെ അക്രമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു.
അപലപിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, നീതിന്യായ മന്ത്രി ഹെലന്‍ മക് എന്‍ഡി ,സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് ഉള്‍പ്പടെയുള്ളവര്‍ ആക്രമണത്തെ അപലപിച്ചു.ഗാര്‍ഡയ്ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഒരു തരത്തിലും സഹിക്കാനാവില്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. എല്ലാവരെയും സംരക്ഷിക്കാന്‍ അവരുടെ ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഞെട്ടിപ്പിക്കുന്നതും അപമാനകരവുമാണ്’സംഭവമെന്ന് മേരി ലൂ മക്ഡൊണാള്‍ഡ് പറഞ്ഞു.
അസിസ്റ്റന്റ് കമ്മീഷണര്‍ ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ റീജിയന്‍ ആഞ്ചല വില്ലിസും സംഭവത്തെ അപലപിച്ചു.ആക്രമണം ഈ സംഭവത്തിന്റെ ദൃക്‌സാക്ഷികളും വീഡിയോ ഫൂട്ടേജുകളുമുള്ളവര്‍ അന്വേഷണ സംഘത്തെ 01 6667200 എന്ന നമ്പരിലോ ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ 1800 666 111 ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ഥിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
നിര്‍ബന്ധിത ശിക്ഷ നല്‍കുന്നതിന് നിയമമുണ്ടാകണം
ഡ്യൂട്ടിക്കിടെ എമര്‍ജന്‍സി ജീവനക്കാരെ ആക്രമിക്കുന്ന ആളുകള്‍ക്ക് നിര്‍ബന്ധിത ശിക്ഷ നല്‍കുന്ന നിയമമുണ്ടാകണമെന്ന് അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജന്റ്സ് ആന്‍ഡ് ഇന്‍സ്പെക്ടര്‍മാരുടെ (എ ജി എസ് ഐ) ജനറല്‍ സെക്രട്ടറി അന്റോണിറ്റോ കണ്ണിംഗ്ഹാം ജസ്റ്റിസ് മന്ത്രിയോട് ആവശ്യപ്പെട്ടു.
ബോഡി ക്യാമറകള്‍ നല്‍കണമെന്ന്
ബോഡി ക്യാമറകള്‍ അവതരിപ്പിക്കാന്‍ കുറച്ച് കാലമായി ആവശ്യപ്പെടുകയാണ്. എന്നാല്‍ 2024ന് മുമ്പ് ബോഡി ക്യാമറകള്‍ ഈ സ്‌കീം നടപ്പാക്കില്ലെന്ന് ഗാര്‍ഡ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ സംവിധാനമുണ്ടായിരുന്നെങ്കിലും ആക്രമദൃശ്യങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ലായിരുന്നു. ഇത്തരം ആക്രമണം തടയുന്നതിന് സത്വര നടപടിയുണ്ടാകണമെന്ന് ഗാര്‍ഡ റപ്രസെന്റേറ്റീവ് അസോസിയേഷന്‍ പ്രസിഡന്റ് ബ്രണ്ടന്‍ ഒ ഒ’കോണര്‍ ആവശ്യപ്പെട്ടു.കുറ്റവാളികള്‍ക്ക് നിര്‍ബന്ധിത കസ്റ്റഡി ശിക്ഷ ഉറപ്പാക്കുന്നതിന് നിയമമുണ്ടാകണം.ഇതിനെ നേരിടാന്‍ ഗാര്‍ഡയ്ക്ക് മികച്ച ഉപകരണങ്ങളും പരിശീലനവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗാര്‍ഡയ്‌ക്കെതിരായ ആക്രമണങ്ങള്‍ സാധാരണമായെന്ന് ഗാര്‍ഡ റെപ്രസന്റേറ്റീവ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഡബ്ലിന്‍ സെന്‍ട്രല്‍ ഏരിയയുടെ പ്രതിനിധിയുമായ ഡിറ്റക്ടീവ് ഗാര്‍ഡ ഡാമിയന്‍ മക്കാര്‍ത്തി പറഞ്ഞു.