ട്രംപിന് കോടതികളിൽ ദുർദിനം: നികുതി രേഖകൾ കോൺഗ്രസ് കമ്മിറ്റിക്കു നൽകാൻ സുപ്രീം കോടതി ഉത്തരവ്; സ്പെഷ്യൽ മാസ്റ്റർ എന്തിനെന്നു കോടതി

author-image
athira kk
New Update

ന്യൂയോർക്ക് : മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ചൊവാഴ്ച കോടതികളിൽ തിരിച്ചടിയുടെ ദിനമായി.  ട്രംപിന്റെ നികുതി സംബന്ധിച്ച രേഖകൾ യുഎസ് കോൺഗ്രസ് കമ്മിറ്റിക്കു നൽകണമെന്നു സുപ്രീം കോടതി തീർപ്പു കല്പിച്ചു. അതേ സമയം, ട്രംപിന്റെ ഫ്ലോറിഡയിലെ വീട്ടിൽ നിന്ന് എഫ് ബി ഐ കണ്ടെടുത്ത ഔദ്യോഗിക രേഖകൾ പരിശോധിക്കാൻ ഒരു സ്പെഷ്യൽ മാസ്റ്ററെ നിയമിക്കണം എന്ന അദ്ദേഹത്തിന്റെ ആവശ്യം സ്വീകരിക്കാൻ 11ആം യുഎസ് അപ്പീൽ കോടതി വിസമ്മതിച്ചു.

Advertisment

publive-image

ഹൗസിന്റെ വേസ് ആൻഡ് മീൻസ് കമ്മിറ്റിക്കു രേഖകൾ നൽകുന്നത് തടയണം എന്ന ട്രംപിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. രേഖകൾ നൽകണമെന്ന കീഴ്കോടതി വിധിക്കെതിരെയാണ് ട്രംപ് അപ്പീലുമായി സുപ്രീം കോടതിയിൽ എത്തിയത്.

നേരത്തെ ചിഫ് ജസ്റ്റിസ് ജോൺ റോബർട്സ് ട്രംപിന് അനുവദിച്ച സ്റ്റേ നീക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. മൂന്നര വർഷമായി കമ്മിറ്റി ആവശ്യപ്പെടുന്ന രേഖകൾ എത്ര വേഗത്തിൽ നൽകും എന്നത് വ്യക്തമല്ല. ജനുവരി 3നു റിപ്പബ്ലിക്കൻ പാർട്ടി ഹൗസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ കമ്മിറ്റിയുടെ അന്വേഷണം തുടരുമോ എന്ന് വ്യക്തമല്ല.

ട്രംപ് നികുതി വെട്ടിക്കാൻ ശ്രമം നടത്തി എന്ന കേസ് ന്യു യോർക്ക് കോടതിയിൽ നിലവിലുണ്ട്.
പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നികുതി രേഖകൾ 2020 തിരഞ്ഞെടുപ്പു കാലത്തു പരസ്യമാക്കിയിരുന്നു. അതിനു നിർബന്ധിക്കുന്ന നിയമം ഇല്ലെങ്കിലും ജനങ്ങളോടുള്ള ഉത്തരവാദിമാണത്. എന്നാൽ ട്രംപ് അതിനു വില കല്പിക്കുന്നില്ല.

നാലു പതിറ്റാണ്ടു കാലത്തെ യുഎസ് ചരിത്രത്തിൽ ആദ്യമായി ഒരു പ്രസിഡന്റ് സ്ഥാനാർഥി അത്തരമൊരു നിലപാട് എടുത്തതോടെ ഡെമോക്രാറ്റ് റെപ്. റിച്ചാഡ് നീൽ നയിക്കുന്ന കമ്മിറ്റി രേഖകൾ തേടുകയായിരുന്നു. പ്രസിഡന്റ് ആയിരിക്കെ സ്വന്തം കീശ വീർപ്പിക്കാൻ ട്രംപ് ശ്രമിച്ചോ എന്ന അന്വേഷണവും ഇതിലുണ്ട്. ട്രംപ് ഹോട്ടലുകളിൽ വിദേശ നേതാക്കളും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും താമസിക്കുമ്പോൾ നൽകിയ പണം ന്യായമാണോ എന്ന വിലയിരുത്തലും ഉൾപ്പെടുന്നു.

നീൽ ചൊവാഴ്ച പറഞ്ഞു: "ഞങ്ങളുടെ കേസിന്റെ കരുത്തു ഞങ്ങൾക്കറിയാം. ഇപ്പോൾ രാജ്യത്തെ പരമാധികാര കോടതി അതു ശരി വച്ചു. ഇത് രാഷ്ട്രീയത്തിന് അതീതമാണ്."

കോടതിക്കു സംശയം 

ട്രംപിന്റെ വീട്ടിൽ നിന്നു കണ്ടെടുത്ത ഔദ്യോഗിക രേഖകൾ പരിശോധിക്കാൻ സ്പെഷ്യൽ മാസ്റ്ററെ നിയമിക്കണം എന്ന അദ്ദേഹത്തിന്റെ അപേക്ഷ കേട്ട മൂന്നു ജഡ്‌ജുമാരും അദ്ദേഹത്തിന്റെ  അഭിഭാഷകരെ തലങ്ങും വിലങ്ങും ചോദ്യം ചെയതു. അങ്ങിനെ ഒരാവശ്യം ന്യായമാണെന്നു അംഗീകരിക്കാൻ റിപ്പബ്ലിക്കൻ ഭരണകൂടങ്ങൾ നിയമിച്ച ന്യായാധിപന്മാർ മടിച്ചു. എഫ് ബി ഐ നടത്തിയ പരിശോധന വാറന്റ് നടപ്പാക്കൽ ആയിരുന്നു എന്നിരിക്കെ അതിനെ റെയ്‌ഡ്‌ എന്ന് വിളിക്കുന്നത് ശരിയോ എന്നു ട്രംപ് തന്നെ നിയമിച്ച ജഡ്ജ് എലിസബെത് ഗ്രാന്റ് ചോദിച്ചു.

Advertisment