മേയര്‍ റോബിന്‍ ഇലക്കാട്ടിന്റെ സത്യപ്രതിജ്ഞ  ചടങ്ങ്  പ്രൗഢഗംഭീരമായി.

author-image
athira kk
New Update

ഹൂസ്റ്റണ്‍: രണ്ടാമൂഴത്തിലും വന്‍ ഭൂരിപഷം നേടി വിജയക്കൊടി പാറിച്ച മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടിന്റെ സത്ര്യപ്രതിജ്ഞ ചടങ്ങ് സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

Advertisment

publive-image

മിസ്സോറി സിറ്റി ഹാള്‍ കോംപ്ലെക്‌സിലെ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ വിവിധ തുറകളിലുള്ള നിരവധിയാളുകള്‍ പങ്കെടുത്തു. നവംബര്‍ 21 നു തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. കൌണ്‍സില്‍ മെമ്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ബ്രൗണ്‍ മാര്‍ഷലിന്റെയും ലിന്‍ ക്ളൗസ്റിന്റെയും സത്യപ്രതിജ്ഞയ്ക്ക്  ശേഷം മേയര്‍ റോബിന്‍ ഇലക്കാട്ടിനെ സത്യപ്രതിജ്ഞക്കായി ക്ഷണിച്ചപ്പോള്‍ ഹാളില്‍ തിങ്ങി നിറഞ്ഞു നിന്ന സദസ്സ് ഒന്നടങ്കം ഹര്‍ഷാ  രവത്തോടെ എഴുന്നേറ്റു നിന്ന് റോബിനെ ആദരിച്ചു.

ആദരണീയനായ കോണ്‍ഗ്രസ്സ്മാന്‍ അല്‍ ഗ്രീനാണു സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യയെന്ന മഹാരാജ്യത്തെയും ആ രാജ്യത്തിന്റെ വൈവിധ്യത്തെയും ഏറെ പുകഴ്ത്തിയ അല്‍ ഗ്രീന്‍ എല്ലാ രാജ്യങ്ങളെയും ജനങ്ങളെയും ഉള്‍കൊള്ളുന്ന അമേരിക്കയെന്ന രാജ്യത്തിന്റെ മഹത്വത്തെയും വിശാലതയെയും പ്രത്യേകം എടുത്തു പറഞ്ഞു.

ഒരു കൈ ബൈബിളില്‍ തൊട്ടു കൊണ്ട് സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ ഭാര്യ ടീന ഇലകാട്ടും രണ്ടു മക്കളും വേദിയില്‍ റോബിന്‍ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു.

തുടര്‍ന്ന് സംസാരിച്ച റോബിന്‍, തന്റെ രണ്ടു വര്‍ഷത്തെ നയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വിലയിരുത്തലായിരുന്നു ഈ വിജയമെന്ന് പറഞ്ഞു.  ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രത്യേകിച്ച് മലയാളികള്‍ ധാരാളം നിവസിക്കുന്ന മിസ്സോറി സിറ്റിയെ അമേരിക്കയിലെ തന്നെ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷം കൊണ്ട് നഗരത്തിനുണ്ടായ അസൂയാര്‍ഹമായ നേട്ടങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടായിരുന്നു റോബിന്റെ പ്രസംഗം.  പൊതുജനാരാഗ്യം, വിദ്യാഭ്യാസം, സുരക്ഷാ, അടിസ്ഥാന വികസന മേഖലകളില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. സിറ്റിയുടെ  നികുതി നിരക്കുകള്‍ ചെറിയ തോതിലെങ്കിലും കുറയ്ക്കുവാന്‍ സാധിച്ചുവെന്നത് തന്റെ രണ്ടാം വട്ട വിജയത്തിന് കാരണമായി എന്ന് റോബിന്‍ അഭിമാനത്തോടെ പറഞ്ഞു.

2009 - 2015 കാലഘട്ടത്തില്‍ കൌണ്‍സില്‍ മെമ്പര്‍ ആയിരുന്ന റോബിന്‍ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം 2020 ലാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 2025 വരെയാണ് റോബിന്റെ മേയര്‍ കാലാവധി.

തന്റെ വിജയത്തിനു വേണ്ടി അശ്രാന്തം പരിശ്രമിച്ച എല്ലാവര്‍ക്കും അകൈതവമായ നന്ദി റോബിന്‍ അറിയിച്ചു. മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു നിരവധി പ്രമുഖ വ്യക്തികളാണ് ചടങ്ങില്‍ സംബന്ധിച്ചത്. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍  കെന്‍ മാത്യു, ഫോര്‍ട്ട് ബെന്‍ഡ്  കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് ഇലെക്ട് സുരേന്ദ്രന്‍ കെ. പട്ടേല്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ) നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, മറ്റു ദേശീയ റീജിയണല്‍ നേതാക്കളായ ജീമോന്‍ റാന്നി, പൊന്നു പിള്ള, ജോമോന്‍ എടയാടി, വാവച്ചന്‍ മത്തായി, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ആഴ്ചവട്ടം ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ് കാക്കനാട്ട്, റെനി കവലയില്‍ (ന്യൂസ് വാര്‍ത്ത), ഷിബി റോയ് (മല്ലു കഫേ റേഡിയോ) മാഗ് മുന്‍ പ്രസിഡണ്ട് വിനോദ് വാസുദേവന്‍, സെബാസ്റ്റ്യന്‍ പാലാ, റോയ് മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചവരില്‍ ഉള്‍പ്പെടുന്നു.

Advertisment