യു.എന്‍: ഇന്ത്യയില്‍ നിന്നുള്ള വന്യജീവി ജീവശാസ്ത്രജ്ഞയായ ഡോ. പൂര്‍ണിമ ദേവി ബര്‍മന്‍ ഐക്യരാഷ്ട്ര സഭയുടെ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്കാരത്തിന് അര്‍ഹയായി. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ (യു.എന്‍.ഇ.പി) എന്‍റര്‍പ്രണോറിയല്‍ വിഷന്‍ വിഭാഗത്തിലാണ് അസം സ്വദേശിനി പുരസ്കാരം നേടിയത്.
വംശനാശഭീഷണി നേരിടുന്ന 'ഗ്രേറ്റര്‍ അഡ്ജ്യൂട്ടന്‍റ് സ്റേറാര്‍ക്ക്' എന്ന കൊക്കിന്‍റെ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ 'ഹാര്‍ഗില ആര്‍മി'ക്ക് നേതൃത്വം നല്‍കുന്നത് പൂര്‍ണിമയാണ്. പതിനായിരത്തോളം അംഗങ്ങളാണ് സംഘടനയിലുള്ളത്.
അസമീസ് ഭാഷയില്‍ 'ഹര്‍ഗില' (അസ്ഥി വിഴുങ്ങുന്നവര്‍) എന്ന പേരില്‍ അറിയപ്പെടുന്ന ഈ പക്ഷികളുടെ കൂടൊരുക്കല്‍ പ്രദേശം നശിപ്പിക്കുന്നതിനെതിരെ ഭൂവുടമകളെ സമീപിച്ചും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നിരത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ കോടതി കയറിയും അവയുടെ സംരക്ഷണത്തിന് ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്.