ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ വിട്ടു, ക്ളബ് വില്‍ക്കാന്‍ ഉടമകള്‍

author-image
athira kk
New Update

ലണ്ടന്‍: ലോകകപ്പിനു മുന്‍പു നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ സൂപ്പര്‍ താരം ക്രിസ്ററ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ളബ് വിടുന്നതായി പ്രഖ്യാപിച്ചു. ക്ളബ് തന്നെ ചതിച്ചെന്ന ക്രിസ്ററ്യാനോയുടെ പരാമര്‍ശത്തിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരും തീരുമാനിച്ചു.

Advertisment

publive-image

എന്നാല്‍, പുതിയ പരിശീലകന്‍ ടെന്‍ ഹാഗിനു കീഴില്‍ ഫോം വീണ്ടെടുത്ത ക്ളബ് വിറ്റൊഴിക്കാന്‍ ഉടമകളായ ഗ്ളേസര്‍ കുടുംബം തീരുമാനിച്ചതാണ് കഥയിലെ ട്വിസ്റ്റ്. വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞതായി അമേരിക്കയിലുള്ള ഉടമകള്‍ അറിയിച്ചു. ക്ളബും ഓള്‍ഡ് ട്രാഫോഡ് ഉള്‍പ്പെടെ അനുബന്ധ നിക്ഷേപങ്ങളും വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.

തുടര്‍ച്ചയായ അഞ്ചു വര്‍ഷമായി മുന്‍നിര കിരീടങ്ങളൊന്നുമില്ലാത്ത ക്ളബിന്റെ ഉടമസ്ഥാവകാശം മാറണമെന്ന് ആരാധകരും ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. 2017ല്‍ യൂറോപ ലീഗും ലീഗ് കപ്പും നേടിയതാണ് ടീമിന്റെ ഏറ്റവും ഒടുവിലത്തെ നേട്ടങ്ങള്‍. 17 വര്‍ഷം മുമ്പാണ് ഗ്ളേസര്‍ കുടുംബം യുനൈറ്റഡ് വാങ്ങുന്നത്. തോല്‍വികള്‍ തുടര്‍ക്കഥയാകുമ്പോഴും ഇംഗ്ളണ്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ളബുകളിലൊന്നാണ് യുനൈറ്റഡ്.

ക്ളബ് വാങ്ങാന്‍ താല്‍പര്യമുള്ളതായി കഴിഞ്ഞ ഓഗസ്ററില്‍ ബ്രിട്ടീഷ് അതിസമ്പന്നനായ ജിം റാഡ്ക്ളിഫ് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ ശതകോടീശ്വരനായ എലോണ്‍ മസ്കും താല്‍പര്യം പ്രകടിപ്പിച്ചു.

ഇതിനിടെ, ചൈന, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ അതിസമ്പന്നര്‍ പ്രിമിയര്‍ ലീഗിലെ മുന്‍നിര ക്ളബുകളെ വാങ്ങുന്നത് തുടരുകയാണ്. വുള്‍വ്സിനെ ചൈനീസ് കമ്പനി സ്വന്തമാക്കിയതാണ് ഏറ്റവുമൊടുവിലെ കൈമാറ്റം. ഇറ്റാലിയന്‍ ക്ളബായ ഇന്റര്‍ മിലാന്‍ വാങ്ങിയതും അടുത്തിടെയാണ്. ഇതിന്റെ തുടര്‍ച്ചയായി യുനൈറ്റഡിന്റെ ഉടമസ്ഥാവകാശവും അമേരിക്കയില്‍നിന്ന് ഏഷ്യയിലേക്ക് കടക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ലിവര്‍പൂള്‍ വില്‍ക്കാന്‍ പോകുന്നു എന്നും ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനി വാങ്ങാന്‍ ശ്രമിക്കുന്നു എന്നും ഇതിനിടെ വാര്‍ത്തകള്‍ വന്നിരുന്നു.

Advertisment