ദോഹ: ഓസ്ട്രേലിയയെ ഒന്നിനെതിരേ നാലു ഗോളിനു തകര്‍ത്ത് ഫ്രാന്‍സിന്റെ പട ഖത്തര്‍ ലോകകപ്പില്‍ വരവറിയിച്ചു. കരീം ബെന്‍സേമയും പോള്‍ പോഗ്ബയും എന്‍ഗോളോ കാന്റെയും അടക്കമുള്ള പ്രമുഖര്‍ പരുക്കേറ്റ് പുറത്തായത് ടീമിന്റെ ആക്രമണവീര്യത്തെ ബാധിച്ചിട്ടേയില്ലെന്നു തോന്നിക്കുന്ന കളിയാണ് അവര്‍ പുറത്തെടുത്തത്.
ഒമ്പതാം മിനിറഅറില്‍ ക്രെയ്ഗ് ഗുഡ്വിനിലൂടെ കളിയില്‍ ആദ്യം ലീഡ് നേടിയത് ഓസ്ട്രേലിയയാണെങ്കിലും, ഒലിവര്‍ ജിറൂഡിന്റെ ഇരട്ട ഗോള്‍ മത്സരത്തിന്റെ വിധിയെഴുതി. അഡ്രിയന്‍ റാബിയറ്റ്, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഓരോ ഗോളടിച്ചു.
27ാം മിനിറ്റില്‍ അഡ്രിയന്‍ റാബിയറ്റിലൂടെയാണ് ഫ്രാന്‍സ് ഒപ്പം പിടിക്കുന്നത്. അന്റോയിന്‍ ഗ്രീസ്മാന്‍ എടുത്ത കോര്‍ണര്‍ തിയോ ഹെര്‍ണാണ്ടസ് റാബിയറ്റിനു മറിച്ച് നല്‍കുകയായിരുന്നു. റാബിയോട്ടിന്റെ ഹെഡര്‍ തടുക്കാന്‍ ഓസീസ് ഗോള്‍കീപ്പര്‍ മാത്യു റയാന്‍ കൈവെച്ചെങ്കിലും പന്ത് വലയില്‍ കയറി. അഞ്ച് മിനിറ്റിനുള്ളില്‍ ജിറൗഡ് ലീഡും നേടി.
രണ്ടാം പകുതിയില്‍ ആക്രമണം തുടര്‍ന്ന ഫ്രാന്‍സ് 68ാം മിനിറ്റില്‍ എംബാപ്പെയിലൂടെ പലീഡ് ഉയര്‍ത്തി. വലതുവശത്തുനിന്ന് ഡെംബലെ നല്‍കിയ മനോഹരമായ ക്രോസ് എംബാപ്പെ രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റിനുള്ളില്‍ എംബാപ്പെയുടെ ക്രോസില്‍ നിന്ന് ജിറൂഡ് ഉതിര്‍ത്ത ഹെഡ്ഡറും വലയില്‍ പതിച്ചതോടെ ഫ്രാന്‍സ് പട്ടിക തികച്ചു.