ദോഹ: വര്‍ഷങ്ങളെടുത്ത് രൂപപ്പെടുത്തിയ ടീമുമായി ലോകകപ്പിനു ദീര്‍ഘകാല തയാറെടുപ്പ് നടത്തിയ സ്പെയ്ന്റെ പ്രയത്നങ്ങള്‍ ഫലം കണ്ടു തുടങ്ങി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കോസ്ററ റിക്കയ്ക്കെതിരേ എതിരില്ലാത്ത ഏഴു ഗോളിന്റെ വിജയമാണ് അര്‍മാഡ കുറിച്ചത്.
ഗ്രൂപ്പ് ഇ മത്സരത്തില്‍ എതിരാളികളെ ശ്വാസം വിടാന്‍ പോലും വിടാതെ വരിഞ്ഞുമുറുക്കുകയായിരുന്നു സ്പാനിഷ് പടയുടെ നിരന്തര ആക്രമണങ്ങള്‍. അതിവേഗ മുന്നേറ്റങ്ങള്‍ക്കും കൃത്യതയാര്‍ന്ന പാസിങ്ങിനും മുന്നില്‍ കോസ്റ്റ റിക്കന്‍ താരങ്ങള്‍ അമ്പേ നിഷ്പ്രഭരായി.
സ്പാനിഷ് ഗോള്‍ പോസ്റ്റ് ലക്ഷ്യമിട്ട് ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ കോസ്റ്റ റിക്കയെ വിടാത്തത്ര ഭദ്രമായ പ്രതിരോധവും സ്പാനിഷ് പ്രകടനത്തെ തികവുറ്റതാക്കുന്നു.
വിജയികള്‍ക്കായി ഫെറാന്‍ ടോറസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഡാനി ഓല്‍മോ, മാര്‍കോ അസന്‍സിയോ, ഗാവി, കാര്‍ലോസ് സോളര്‍, അല്‍വാരോ മൊറാട്ട എന്നിവര്‍ ഓരോ ഗോളടിച്ചു.