Advertisment

റഷ്യ ആക്രമണം ശക്തമാക്കി;ഉക്രൈനിലും മോള്‍ഡോവയും ഇരുട്ടില്‍

author-image
athira kk
New Update

കീവ് : റഷ്യ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് ഉക്രൈനിലും മോള്‍ഡോവയിലും വൈദ്യുതി,ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ താറുമാറായി.ആക്രമണത്തില്‍ തകര്‍ന്നസംവിധാനങ്ങള്‍ ക്രമപ്പെടുത്താന്‍ ദീര്‍ഘനാളുകള്‍ വേണ്ടിവന്നേക്കുമെന്നത് വിന്ററില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്കയുമുയര്‍ന്നിട്ടുണ്ട്.ഭൂരിപക്ഷം ആളുകള്‍ക്കും വൈദ്യുതി നഷ്ടമായെന്ന് ഉക്രൈയ്ന്‍ ഊര്‍ജ്ജ വകുപ്പ് സ്ഥിരീകരിച്ചു.വൈദ്യുതി മുടക്കം ലക്ഷക്കണക്കിന് ആളുകളെ ഭീതിയിലാക്കിയിട്ടുണ്ട്.ജലവിതരണത്തെയും സാരമായി ബാധിച്ചു.

Advertisment

publive-image

മിസൈലുകളും പൊട്ടിത്തെറിക്കുന്ന ഡ്രോണുകളും ഉപയോഗിച്ച് ആഴ്ചകളായി റഷ്യ ആക്രമണം തുടരുകയാണ്. ഊര്‍ജ്ജ സംവിധാനത്തെയാകെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ നീക്കം.

റഷ്യ ബുധനാഴ്ച എഴുപതോളം ക്രൂയിസ് മിസൈലുകളാണ് വിക്ഷേപിച്ചത്. അതില്‍ 51 എണ്ണം പൊട്ടിത്തെറിച്ചു. അഞ്ച് ഡ്രോണുകള്‍ വെടിവച്ചിട്ടതായി ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു.കനത്ത ആക്രമണം മൂലം ഇന്റര്‍നെറ്റ് സംവിധാനവും തടസ്സപ്പെട്ടു.കീവില്‍ ഇരുനില കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ചെയ്തതായി അധികൃതര്‍ അറിയിച്ചു. കൂടാതെ പരിസര പ്രദേശത്ത് നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതുവെന്ന് മേഖലാ ഗവര്‍ണര്‍ ഒലെക്സി കുലേബ പറഞ്ഞു.

പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ആണവ നിലയങ്ങളുമായുള്ള പവര്‍ഗ്രിഡ് ബന്ധം നഷ്ടമായതായി ഉക്രൈയ്ന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആണവ ഓപ്പറേറ്ററായ എനര്‍ഗോട്ടം പറഞ്ഞു.മിക്ക താപ, ജലവൈദ്യുത നിലയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ആക്രമണം മൂലം താല്‍ക്കാലികമായി തടസ്സപ്പെട്ടെന്നും ഊര്‍ജ മന്ത്രാലയം അറിയിച്ചു.പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുകയാണെന്നും വകുപ്പ് അറിയിച്ചു.

പടിഞ്ഞാറ് എല്‍വിവ്, തെക്ക് സപ്പോരിജിയ, ഒഡെസ, വിന്നിത്സ്, ഡിനിപ്രോ എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും വൈദ്യുതിയും വെള്ളവും മുടങ്ങിയിട്ടുണ്ടെന്ന് യുഎന്‍ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു.

അതിനിടെ അടിയന്തരമായി സുരക്ഷാ കൗണ്‍സില്‍ യോഗം വിളിക്കണമെന്ന് അഭ്യര്‍ഥിക്കാന്‍ ഐക്യരാഷ്ട്രസഭയിലെ ഉക്രൈയ്ന്‍ അംബാസഡര്‍ക്ക് പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി നിര്‍ദ്ദേശം നല്‍കി.രാജ്യത്തിന്റെ പകുതിയോളം ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകളും തകര്‍ത്തതായി സെലെന്‍സ്‌കി പറഞ്ഞു.

മോള്‍ഡോവയും വൈദ്യുതി പ്രതിസന്ധിയിലാണെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി ആന്ദ്രേ സ്പിനു പറഞ്ഞു.സോവിയറ്റ് കാലഘട്ടത്തിലെ ഊര്‍ജ്ജ സംവിധാനങ്ങള്‍ ഉക്രൈയ്നുമായി ബന്ധപ്പെട്ടവയാണെന്നതാണ് ഇതിന് കാരണം.അതിനിടെ ഇക്കാര്യത്തില്‍ മോള്‍ഡോവ റഷ്യന്‍ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചതായി വിദേശകാര്യ മന്ത്രി പറഞ്ഞു.

Advertisment