ഡബ്ലിന്‍ : പ്രസവാവധിയെടുത്ത ജോലിക്കാരിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ടതിന്റെ പേരില്‍ ശുചീകരണത്തൊഴിലാളിയ്ക്ക് 7000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ ഉത്തരവ്. മെറ്റേണിറ്റി അവധിയെടുത്തതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട ക്ലീനര്‍ക്ക് അനുകൂലമായാണ് വിധി.ജോലിയില്ലാതെ നിന്ന സമയത്തെ നല്‍കാത്ത വേതനവും അവധിദിനങ്ങളും അടക്കമുള്ള നിയമ ലംഘനങ്ങള്‍ക്കുമായി 1,567 യൂറോയും നഷ്ടപരിഹാരമായി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.ഇക്കോ-സ്വിഫ്റ്റ് എന്‍വയോണ്‍മെന്റല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിനെതിരെയാണ് വിധി വന്നത്.
1994ലെ മെറ്റേണിറ്റി പ്രൊട്ടക്ഷന്‍ ആക്ടിന്റെ വ്യക്തമായ ലംഘനമാണ് ഡോണ്‍ ഒ ബ്രിയന്റെ കേസില്‍ നടന്നതെന്ന് അഡ് ജുഡികേറ്റിംഗ് ഓഫീസര്‍ ഷെയ് ഹെന്റി പറഞ്ഞു.
സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ മാറിയാലും പ്രസവാവധിയില്‍ കഴിയുന്ന ജീവനക്കാരന് സമാനമായ കരാറില്‍ വീണ്ടും ജോലി ചെയ്യാന്‍ ഈ നിയമപ്രകാരം അര്‍ഹതയുണ്ടെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലാണ് വിവേചനപരമായി പിരിച്ചുവിട്ടത്.അതിനാല്‍ 26 ആഴ്ചത്തെ നഷ്ടപരിഹാരമായി 7,000 യൂറോ നല്‍കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
പേയ്‌മെന്റ് ഓഫ് വേജസ് ആക്ട്, ഓര്‍ഗനൈസേഷന്‍ ഓഫ് വര്‍ക്കിംഗ് ടൈം ആക്ട് എന്നിവയ്ക്ക് കീഴിലുള്ള ക്ലെയിമുകളും നല്‍കിയിട്ടില്ല. അതിനാല്‍ വിവിധ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കായി 1,567 യൂറോ കൂടി നല്‍കണമെന്നും കമ്മീഷന്‍ വിധിച്ചു.
താല്‍ക്കാലിക തൊഴിലാളിയെ നിയമിച്ചതിന്റെ പേരിലാണ് നിലവില്‍ വേക്കന്‍സിയില്ലെന്ന് തൊഴിലുടമ അറിയിച്ചതെന്ന് കമ്മീഷന് ബോധ്യപ്പെട്ടിരുന്നു.
2018 ഒക്ടോബര്‍ മുതല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നയാളാണ്്ശ്രീമതി ഒ ബ്രിയന്‍. 2020 നവംബറിലാണ് പ്രസവാവധി എടുത്തത്.തിരികെ വന്നപ്പോള്‍ ജോലിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.കോവിഡ് കാരണമായി പറഞ്ഞ് 2021 ജൂണില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുകയാണെന്ന കത്തും ലഭിച്ചു. ലീവ് എടുക്കുന്നതിന് മുമ്പ് തന്നെ തൊഴിലുടമ പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്ന് ഒ ബ്രിയന്‍ ട്രൈബ്യൂണലില്‍ പറഞ്ഞു.
അവധിക്കാല വേതനമോ വാര്‍ഷിക അവധിയോ നോട്ടീസ് വേതനമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാം കുടിശ്ശികയാണ്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സമയത്തെ ജോലിക്കുള്ള ശമ്പളവും ലഭിച്ചിട്ടില്ല.താന്‍ ചെയ്തിരുന്ന ജോലി ഇപ്പോള്‍ രണ്ട് പേരാണ് ചെയ്യുന്നതെന്നും ഇവര്‍ പറഞ്ഞു.
പ്രസവാവധി കഴിഞ്ഞ് തിരികെ വരുന്നത് വരെ തന്റെ ജോലിയില്‍ പ്രശ്‌നമുണ്ടെന്ന് ഒരിക്കലും തൊഴിലുടമ പറഞ്ഞിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
ന്യായമായ ഹിയറിംഗോ മറുപടി നല്‍കാനുള്ള അവകാശമോ അപ്പീല്‍ നല്‍കാനുള്ള അവസരമോ നല്‍കിയില്ല. ഇത് സ്വാഭാവിക നീതി നിഷേധമാണെന്നും ഒ ബ്രിയന്‍ ബോധിപ്പിച്ചു.
നേരത്തേ അഞ്ച് ഫാക്ടറികളുമായി ക്ലീനിംഗ് കരാറുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു കരാര്‍ മാത്രമാണ് ഉള്ളതെന്നുമൊക്കെയുള്ള വാദങ്ങള്‍ തൊഴിലുടമ ഉന്നയിച്ചെങ്കിലും അതൊന്നും കമ്മീഷന്‍ പരിഗണിച്ചില്ല.